
തിരുവനന്തപുരം: 'കള്ളൻ വിജയൻ' ലേഖനത്തിൽ പാർട്ടി വിരുദ്ധത ഇല്ലെന്നും ലേഖനത്തിന് അനുയോജ്യമായ തലക്കെട്ടായിരുന്നുവെന്നും ദേശാഭിമാനി വാരാന്തപതിപ്പ് എഡിറ്റർ കെ.ആർ. അജയൻ. ലേഖന വിവാദത്തിൽ റസിഡന്റ് എഡിറ്റർ എം.സ്വരാജ് നൽകിയ കാരണംകാണിക്കൽ നോട്ടീസിനാണ് അജയന്റെ മറുപടി. തെറ്റ് ഉണ്ടെങ്കിൽ തിരുത്താമെന്നും വ്യക്തമാക്കി. ലേഖനത്തിന് 'കള്ളൻ വിജയൻ' എന്ന തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന് കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, വി.എസിന്റെ ഓർമ്മക്കുറിപ്പുകളുമായി ദേശാഭിമാനി വാരാന്തപതിപ്പ് ഇന്നലെ പുറത്തിറങ്ങി. നാടകപ്രവർത്തകനായ വിജയനെക്കുറിച്ചുള്ള 'കള്ളൻ വിജയൻ' എന്ന വിവാദ ലേഖനം ഇതിൽ ഇല്ല. പകരം അവസാന പേജിൽ വി.എസ് നടത്തിയ ജനകീയ ഇടപെടലുകളെക്കുറിച്ചുള്ള ലേഖനമാണുള്ളത്.
വിവാദത്തിൽ വി.എസ്. അച്യുതാനന്ദന്റെ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു. പത്രം ഇറക്കുന്നതും ഇറക്കാതിരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനമാണെന്നും വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നും വി.എസിന്റെ മകൻ വി.എ.അരുൺകുമാർ പറഞ്ഞു. പേരുകൊണ്ട് ഇത്രയും വർഷം ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും പേര് പ്രശ്നമാകുന്നത് ജീവിതത്തിൽ ആദ്യമാണെന്നും നാടക പ്രവർത്തകൻ കള്ളൻ വിജയൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |