
തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ തന്നെ വിളിച്ചപ്പോൾ ബഡ്ജറ്റിന്റെ തിരക്കിലായിരുന്നെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറിയാണ് ഫോൺ എടുത്തത്. താൻ പിന്നീട് തിരിച്ചുവിളിച്ചു. വളരെ കാര്യമായി സംസാരിച്ചു.
കാണണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടപ്പോൾ ഉറപ്പായും കാണാമെന്ന് സുകുമാരൻ നായരോട് താൻ പറഞ്ഞതാണ്.പിന്നീട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ വാർത്ത വരുന്നു അദ്ദേഹത്തെ കാണാൻ അനുമതി നൽകിയില്ലെന്ന്. അത് അദ്ദേഹം പറഞ്ഞതാണോയെന്ന് അറിയില്ലെന്നും വി.ഡി സതീശൻ പ്രതികരിച്ചു.
ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയൻ ആർ.എസ്.എസ് നേതാക്കളെ ഒളിച്ചുപോയി മാസ്കോട്ട് ഹോട്ടലിൽ കണ്ടത് പോലെയല്ല താൻ കണ്ടത്. കാണണമെന്ന് ഹിന്ദു ഐക്യവേദി പ്രവർത്തകർ ആവശ്യപ്പെട്ടു. കാണാൻ സമയം കൊടുത്തു. ജനങ്ങൾ കാണാൻ വരുന്ന സമയത്താണ് അവരും വന്നത്. ഒരു നിവേദനം നൽകുകയും ചെയ്തു. താൻ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മാത്രം മുഖ്യമന്ത്രിയല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കാണാൻ വന്നോട്ടെയെന്ന് ചോദിച്ചാൽ പറ്റില്ലെന്ന് പറയാൻ കഴിയില്ല. അങ്ങനെ പറയുന്നതല്ലേ തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുൻ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ബി.ജെ.പി നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങുകയാണ് എന്നാണ്. അദ്ദേഹത്തിനുള്ള മറുപടി 'ഞാൻ ഒളിച്ചല്ല കണ്ടത്' എന്നാണെന്ന് വി.ഡി സതീശൻ പ്രതികരിച്ചു.
സതീശൻ പറഞ്ഞത് കള്ളം: ജി. സുകുമാരൻ നായർ
എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്ക് സന്ദർശന അനുമതി നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹത്തെ കാണുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞത് പച്ചക്കള്ളമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രതികരിച്ചു.
''മുഖ്യമന്ത്രി വി.ഡി.സതീശനോടുള്ള എൻ.എസ്.എസ് നിലപാടിൽ ഒരു മാറ്റവുമില്ല. ഇനി മുഖ്യമന്ത്രിയെ കാണാൻ താത്പര്യമില്ല. സതീശനെ കാണാൻ അല്ല അനുവാദം ചോദിച്ചത്. മുഖ്യമന്ത്രിയെ കാണാനാണ്. ഒരു വോട്ടർ ആണ് ഞാൻ. പ്രമുഖ സംഘടനയുടെ നേതാവെന്ന പരിഗണനയും ഉണ്ടായില്ല. മുഖ്യമന്ത്രിയായിരിക്കുന്നയാൾ കാണിക്കേണ്ട മര്യാദകൾ പാലിച്ചില്ല."" ആരുടെ മുന്നിലും പിച്ചച്ചട്ടിയുമായി പോയിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
സന്ദർശന അനുമതി തേടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചിരുന്നു. ആറുദിവസം കഴിഞ്ഞാണ് തിരിച്ചുവിളിച്ചത്. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പ്രൈവറ്റ് സെക്രട്ടറി വിളിച്ചു. പിന്നീട് എറണാകുളത്ത് വച്ച് മുഖ്യമന്ത്രിയെ കാണാമെന്ന് പറഞ്ഞെങ്കിലും അവിടെവച്ച് കാണേണ്ട കാര്യമല്ലെന്ന് അറിയിച്ചു. അതിനുശേഷം യാതൊരു കോൺടാക്ടുമില്ല. ഇതുപോലെ ഒരു മുഖ്യമന്ത്രി എൻ.എസ്.എസിനോട് പെരുമാറിയിട്ടില്ല. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫോൺ വിളിച്ചാൽ എടുക്കുമായിരുന്നു. തിരക്കുണ്ടെങ്കിൽ തിരിച്ചു വിളിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി ആദ്യം 'അമ്മ" ശുദ്ധീകരിക്കട്ടെ
സുരേഷ് ഗോപിയുടെ അഭിപ്രായത്തിനു പിന്നിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് നിഴലിക്കുന്നത്. ഉപരാഷ്ട്രപതിയെക്കൂടി ഈ രാഷ്ട്രീയ ലക്ഷ്യം നേടാനായി ഉപയോഗിക്കുകയായിരുന്നു. 2015 അരുവിക്കര ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ സുരേഷ് ഗോപി എൻ.എസ്.എസ് ബഡ്ജറ്റ് യോഗത്തിലേക്ക് വലിഞ്ഞുകയറി വന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. എന്നിട്ടും പുഷ്പാർച്ചന നടത്താൻ അനുവാദം നൽകി. ഉപരാഷ്ട്രപതി വരുന്നതിന്റെ തലേദിവസമാണ് പുഷ്പാർച്ചനയ്ക്ക് അനുമതി ചോദിച്ചത്. മന്നം സമാധി ക്ഷേത്രം പോലെ സംരക്ഷിക്കുന്ന സ്ഥലമാണ്. അവിടെ നായയെ കയറ്റി മണപ്പിക്കാൻ അനുവദിക്കില്ല. സുരേഷ് ഗോപി ആദ്യം 'അമ്മ" എന്ന സംഘടന ശുദ്ധീകരിക്കട്ടെ. രാജീവ് ചന്ദ്രശേഖർ പറഞ്ഞത് അദ്ദേഹത്തിന്റെ മര്യാദയാണെന്നും സുകുമാരൻ നായർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |