
തൃശൂർ: കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞാച്ചാടങ്ങ് പൂർത്തിയാക്കിയത് ആറു മിനിട്ടിനുള്ളിൽ. ജയിൽ ലൈബ്രറി ഹാളിൽ ഇന്നലെ നടന്ന ചടങ്ങിൽ തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 11 മണിക്കാണ് സുഗതനെ ഹാളിലെത്തിച്ചത്. 11.03ന് കോർപറേഷൻ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി ആമുഖം പറഞ്ഞു. തുടർന്ന് സത്യപ്രതിജ്ഞയിലേക്കു കടന്നു.11.06 ന് സുഗതനെ ജയിൽ ഉദ്യോഗസ്ഥർ തിരികെ സെല്ലിലേക്കു കൊണ്ടുപോയി.
ഔദ്യോഗിക ഗൗൺ അണിഞ്ഞെത്തിയ മേയർ വേദിയുടെ വലതുഭാഗത്തുനിന്നാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. വെളുത്ത ഷർട്ടിൽ കറുത്ത ഡിസൈനുള്ള ചൈനീസ് കോളർ ഷർട്ടും മുണ്ടുമണിഞ്ഞാണ് സുഗതൻ സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയത്.
മേയർക്കും കോർപറേഷൻ സെക്രട്ടറിക്കുമൊപ്പം കോർപറേഷൻ കൗൺസിൽ ക്ലാർക്ക് സജി വി. നായർ, ലീഗൽ വിഭാഗം ക്ലാർക്ക് വി. വിമൽ, എസ്. പ്രസാദ് എന്നിവരും ഹാളിലുണ്ടായിരുന്നു. ഇവർക്കും ജയിൽ ഉദ്യോഗസ്ഥർക്കും അക്രഡിറ്റഡ് മാദ്ധ്യമ പ്രവർത്തകർക്കും മാത്രമായിരുന്നു പ്രവേശനം. ജയിൽ സൂപ്രണ്ട് ആർ.എസ്. രാജേഷ് കുമാർ, ജോയിന്റ് സൂപ്രണ്ട് എ. നസിം, ഡെപ്യൂട്ടി സൂപ്രണ്ട് എം.എസ്. വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ എത്തിയെങ്കിലും പ്രവേശനം അനുവദിച്ചിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |