
ന്യൂഡൽഹി: നേതാക്കൾ ജനങ്ങളെ മറന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ. ജാഗ്രതക്കുറവും പാർട്ടി നേതാക്കളുടെ പെരുമാറ്റവും തോൽവിക്ക് കാരണമായി. കേരളത്തിൽ പാർട്ടി അടിമുടി മാറണമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്‌ത യോഗം വിലയിരുത്തി.
തോൽവിയിൽ ജനറൽ സെക്രട്ടറി മുതൽ ബ്രാഞ്ച് അംഗം വരെയുള്ള എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച് വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. തിരഞ്ഞെടുപ്പിൽ എല്ലാ തലത്തിലും തെറ്റുകുറ്റങ്ങളുണ്ടായെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതിൽ വീഴ്‌ച വന്നു. ജനങ്ങൾ പറയുന്നത് ക്ഷമയോടെ കേൾക്കാനും വിനയത്തോടെ മറുപടി പറയാനുമുള്ള മര്യാദ നേതാക്കൾ കാണിച്ചില്ല. ഇത് മാദ്ധ്യമങ്ങൾ ലക്ഷ്യമിടുന്ന ചിലർ മാത്രമല്ല. എല്ലാ തലങ്ങളിലും നേതാക്കളുടെ പെരുമാറ്റങ്ങളിൽ തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ട്..
ഇക്കാര്യങ്ങളെല്ലാം സെപ്‌തംബറിൽ ചേരുന്ന വിശാല സംസ്ഥാന സമിതി ചർച്ച ചെയ്‌ത് ആവശ്യമായ നടപടികൾ സ്വീകരിക്കും. നേതാക്കൾ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടോയെന്ന് പരിശോധിക്കും. കോൺഗ്രസിൽ എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുന്നത് പോലെയല്ല സി.പി.എമ്മിൽ.
തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതി റിപ്പോർട്ടിൽ സൂചിപ്പിച്ചതിനേക്കാൾ കൂടുതൽ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയായില്ലെന്ന് ബേബി പറഞ്ഞു. നേതാക്കളുടെ ബന്ധുക്കൾ സ്ഥാനാർത്ഥികളായത് ചൂണ്ടിക്കാട്ടിയപ്പോൾ,എല്ലാവരും ആരുടെയെങ്കിലുമൊക്കെ ബന്ധുക്കളായിരിക്കുമെന്നായിരുന്നു മറുപടി.
കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ ദേശീയ നേതൃത്വത്തിന് പരാതിയൊന്നും ലഭിച്ചിട്ടില്ല. വിഴിഞ്ഞം ഓഹരി ഇടപാടിൽ വി.ഡി. സതീശൻ സർക്കാരിന്റെ നടപടികളിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ മംഗലാപുരം യാത്രയും കൂടിക്കാഴ്‌ചയും സംശയം ജനിപ്പിക്കുന്നതാണെന്നും ബേബി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |