
കൊച്ചി: ലക്ഷദ്വീപുകാരുടെ 'ജായിബി"യാണ് (മൂത്തപെങ്ങൾ) ഹിന്ദുമ്പി കൗരോം കാക്കട. ലക്ഷദ്വീപിലെ ആദ്യത്തെ നഴ്സ്. പ്രായം എൺപതായി. 2006 മാർച്ചിൽ ഹെഡ് നഴ്സായി വിരമിച്ചു. പക്ഷേ പിറ്റേദിവസം മുതൽ കരാർ വ്യവസ്ഥയിൽ ജോലി തുടരുകയാണ്. കവരത്തിയിലെ ഇന്ധിരാഗാന്ധി ആശുപത്രിയിൽ ദിവസവും എട്ടും പത്തും മണിക്കൂർ ഹിന്ദുമ്പിയുടെ സേവനമുണ്ടാകും.
നൂറിലേറെ പ്രസവമെടുത്തു. മുപ്പതിനായിരത്തോളം ശസ്ത്രക്രിയകളിൽ സഹായിയായി. പത്താം ക്ലാസുകഴിഞ്ഞ് 1968ലാണ് ഹിന്ദുമ്പി കോഴിക്കോട് മെഡിക്കൽ കോളേജിൽ ജനറൽ നഴ്സിംഗ്, മിഡ്‌വൈഫറി ഡിപ്ളോമ കോഴ്സിന് ചേർന്നത്. 1972 ജൂണിൽ കേന്ദ്രസർക്കാരിന്റെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ നിയമനം.
മരുന്നുൾപ്പെടെയുള്ള സൗകര്യങ്ങൾ പരിമിതമായിരുന്ന സമയത്താണ് ഹിന്ദുമ്പി ജോലിക്കു കയറിയത്. മറ്റു ദ്വീപുകാർ മരുന്നിനായി കവരത്തിയിലാണ് എത്തിയിരുന്നത്. പക്ഷേ കടൽക്ഷോഭവും ബോട്ടുകളുടെ കുറവും പലപ്പോഴും തടസമാകും. തുടർന്ന് കപ്പലിലും മത്സ്യബോട്ടുകളിലും സഞ്ചരിച്ച് ഹിന്ദുമ്പി ഒറ്റപ്പെട്ട ദ്വീപുകളിലെത്തും. മരുന്നും പരിചരണവും നൽകും. വീടുകളിലെത്തി ബോധവത്കരിച്ച് നൂറുകണക്കിന് പ്രസവങ്ങൾ ആശുപത്രിയിലാക്കി.
സുനാമി, കൊവിഡ് കാലത്ത് ദ്വീപുകളിൽ രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിച്ചു. രക്തസ്രാവത്താൽ ഗുരുതരാവസ്ഥയിലായ ഗർഭിണിയെ രക്തം നൽകി അഗത്തിയിൽ നിന്ന് മത്സ്യബന്ധനബോട്ടിൽ കവരത്തിയിലെത്തിച്ച് കുഞ്ഞിനെയും അമ്മയെയും രക്ഷിച്ചതുൾപ്പെടെ നിരവധി ഓർമ്മകളുമുണ്ട്. 2023ൽ രാഷ്ട്രപതിയുടെ ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് ലഭിച്ചു.
ബാപ്പയുടെ വഴിയേ
ഗാന്ധിയനും പൊതുപ്രവർത്തകനുമായിരുന്ന ചെറിയകോയയുടെയും മറിയുമ്മയുടെയും ഏകമകളാണ് ഹിന്ദുമ്പി. ഉപ്പുസത്യഗ്രത്തിൽ പങ്കെടുത്ത പിതാവാണ് ജനസേവനത്തിനും നഴ്സാകാനും പ്രചോദനം. അദ്ധ്യാപകനായിരുന്ന പരേതനായ ആറ്റക്കോയയാണ് ഭർത്താവ്. മൂത്തമകൾ യഹിയഖാൻ ഏഴുവർഷം മുമ്പ് മരിച്ചു. ഇളയമകൻ ഫഹദിനും മരുമകൾ താഹിറയ്ക്കുമൊപ്പം ആശുപത്രിക്ക് സമീപമാണ് താമസം.
'മഹത്തായ ദൗത്യവും സേവനവുമാണ് നഴ്സിന്റേത്. ജായിബിയെന്ന വിളി കേൾക്കുന്നതാണ് വലിയ അംഗീകാരം. കഴിയുന്നകാലം മുഴുവൻ നഴ്സായി തുടരും".
- ഹിന്ദുമ്പി കൗരോം കാക്കട
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |