SignIn
Kerala Kaumudi Online
Sunday, 17 May 2026 1.57 AM IST

ഓടുന്ന ട്രെയിനുകളില്‍ ഇനി ഈ ശീലം വേണ്ട; കര്‍ശന നിര്‍ദേശവുമായി റെയില്‍വേ

railway


കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ വാതില്‍പ്പടി യാത്രയും നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാനും ചാടിയിറങ്ങാനുമുള്ള ശ്രമങ്ങളും ഒഴിവാക്കണമെന്ന് റെയില്‍വേയുടെ ജാഗ്രതാ നിര്‍ദ്ദേശം. കഴിഞ്ഞ 30ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കൊല്ലം മണ്‍റോതുരുത്ത് സ്വദേശി ചിപ്പിയെന്ന യുവതി വഞ്ചിനാട് എക്‌സ്പ്രസില്‍ ചാടിക്കയറുന്നതിനിടെ ട്രെയിനിന്റെ അടിയില്‍പ്പെട്ട് മരിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ കണക്കിലെടുത്താണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെയും ആര്‍.പി.എഫിന്റെയും മുന്നറിയിപ്പ്.


4 മാസത്തിനിടെ 12 മരണം


തിരുവനന്തപുരം ഡിവിഷനില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ ട്രെയിനില്‍ നിന്ന് വീണ് മരിച്ചത് 12 പേരാണ്. ചാടിയിറങ്ങാനും ചാടിക്കയറാനും ശ്രമിച്ചവരും വാതില്‍പ്പടി യാത്രക്കാരും ഇതില്‍പ്പെടും. 25 പേര്‍ക്ക് പരിക്കുപറ്റി. പലരുടെയും പരിക്ക് ഗുരുതരമാണ്. ചിലര്‍ക്ക് അംഗഭംഗം സംഭവിച്ചു.

ചൂട് കൂടിയതോടെ വാതില്‍പ്പടി യാത്ര വര്‍ദ്ധിക്കുന്നതായി റെയില്‍വേ വക്താവ് പറഞ്ഞു. ചവിട്ടുപടിയില്‍ നിന്നുള്ള യാത്രയും വാതിലില്‍ നിന്ന് പുറത്തേക്ക് ചാഞ്ഞും തൂങ്ങിയുമുള്ള യാത്രയും ജീവനെടുത്തേക്കാം.


സുരക്ഷിത യാത്രാ രീതികള്‍ പാലിക്കണം


ട്രെയിന്‍ വളവുകള്‍ പിന്നിടുമ്പോഴും ബ്രേക്കിടുമ്പോഴും ബാലന്‍സ് തെറ്റി പുറത്തേക്ക് വീഴാന്‍ ഇടയാക്കും. ട്രെയിനിലെ തിരക്കും പെട്ടെന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും അപകടകാരണമാകാം. ട്രെയിനില്‍ കയറിക്കഴിഞ്ഞാല്‍ വാതിലില്‍ നിന്ന് മാറി കോച്ചിനകത്ത് സുരക്ഷിത ഭാഗത്ത് നിന്ന് വേണം യാത്ര ചെയ്യാനെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA