SignIn
Kerala Kaumudi Online
Sunday, 23 August 2026 4.00 AM IST

കേന്ദ്ര പദ്ധതികൾ തുണയായി : ഗവേഷണരംഗത്ത് വനിതാമുന്നേറ്റം

aa

കൊച്ചി: കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങൾ തിരിച്ചറിഞ്ഞുള്ള കേന്ദ്രസർക്കാരിന്റെ പിന്തുണ ഫലം കണ്ടതോടെ രാജ്യത്ത് വനിതാ ഗവേഷകരുടെ എണ്ണത്തിൽ വൻ കുതിപ്പ്. 25 വർഷം മുമ്പ് 13 ശതമാനമായിരുന്ന വനിതാ പങ്കാളിത്തം ഇപ്പോൾ 29 ശതമാനമായി ഉയർന്നു. വനിതാ ഗവേഷകരുടെ വളർച്ചാനിരക്കിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തെത്തി. സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും അനിവാര്യമായ ശാസ്ത്ര,സാങ്കേതിക,ആരോഗ്യ ഗവേഷണരംഗത്തെ കണക്കാണിത്.

വനിതകൾ ഗവേഷണ രംഗത്ത് പിന്നാക്കം പോകുന്നതിന്റെ കാരണങ്ങൾ നിതി ആയോഗ്,സി.എസ്.ഐ.ആർ തുടങ്ങിയ സ്ഥാപനങ്ങൾ പരിശോധിച്ചിരുന്നു. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ കാരണം ഗവേഷണത്തിലുണ്ടാകുന്ന ഇടവേളകൾ,ശിശുപരിചരണം, മെന്റർഷിപ്പിന്റെ അഭാവം എന്നിവയാണ് പ്രധാന തടസങ്ങളായി കണ്ടെത്തിയത്. തുടർന്ന് കരിയറിൽ ഇടവേളയെടുത്ത വനിതാ ശാസ്ത്രജ്ഞരെ തിരികെ കൊണ്ടുവരാൻ നടപ്പാക്കിയ 'വൈസ് കിരൺ" പദ്ധതി ഏറെ ഫലപ്രദമായി. പദ്ധതിയിലൂടെ വൈസ് പിഎച്ച്.ഡി, വൈസ് പി.ഡി.എഫ് തുടങ്ങിയ ഫെലോഷിപ്പുകൾ ലഭ്യമാണ്. ബയോടെക്നോളജി മേഖലയിലുള്ളവർക്കായി 'ബയോ കെയർ" പദ്ധതിയും ആരോഗ്യ ഗവേഷണ രംഗത്തുള്ളവർക്കായി 'വിമൻ സയന്റിസ്റ്റ്" സ്കീമും നിലവിലുണ്ട്.

2014ൽ ആരംഭിച്ച വൈസ് കിരൺ പദ്ധതിയിൽ ഇതുവരെ 4,000ത്തിലധികം വനിതാ ശാസ്ത്രജ്ഞർക്ക് ഗവേഷണ സഹായം ലഭിച്ചിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശത്തിൽ 942 പേർ പരിശീലനവും നേടി. ഇതിൽ 413 പേർ പേറ്റന്റ് ഏജന്റുകളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബയോകെയർ മുഖേന 415 വനിതകളെ ഗവേഷണത്തിൽ തിരിച്ചെത്തിക്കാനായെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കുന്നു.

ആഗോള തലത്തിലും

വനിതാ മുന്നേറ്റം

വനിതാ ഗവേഷകരുടെ എണ്ണത്തിൽ ലോകമെമ്പാടും വർദ്ധനവുണ്ടായെന്ന് സ്വതന്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു. 2001ൽ 28 ശതമാനമായിരുന്ന ആഗോള പങ്കാളിത്തം ഇപ്പോൾ 41 ശതമാനമായി ഉയർന്നിട്ടുണ്ട്. ഹെൽത്ത് സയൻസ് മേഖലയിൽ സ്ത്രീകൾ കൂടുതൽ തിളങ്ങിയപ്പോൾ ഫിസിക്കൽ സയൻസ് മേഖലയിൽ പങ്കാളിത്തം കുറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA