SignIn
Kerala Kaumudi Online
Monday, 25 May 2026 12.49 PM IST

വിവരാവകാശകമ്മിഷൻ സിറ്റിംഗ് : 16 കേസുകൾ തീർപ്പാക്കി

ആലപ്പുഴ: ജില്ലയിൽ വിവരാവകാശ കമ്മിഷണർ എ.എ.ഹക്കീം നടത്തിയ സിറ്റിംഗിൽ 16 കേസുകൾ തീർപ്പാക്കി. അമ്പലപ്പുഴ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ 21 കേസുകൾ പരിഗണിച്ചു. നാല് പേർക്ക് സമൻസ് അയച്ചു. ഒരു കേസ് മാറ്റിവച്ചു. തുറവൂർ ഗ്രാമ പഞ്ചായത്തിലെ ഫയൽ കാണാനില്ല എന്ന പരാതിയിൽ കമ്മിഷൻ 15 ദിവസം സമയം അനുവദിച്ചു. വീഴ്ച വരുത്തിയാൽ വിവരാവകാശ നിയമം വകുപ്പ് 20 (1), 20 (2 ) പ്രകാരം പിഴയും അച്ചടക്ക നടപടിയും സ്വീകരിക്കുമെന്ന് കമ്മിഷണർ വ്യക്തമാക്കി. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിൽ ഭിന്നശേഷി വിഭാഗകാർക്ക് നടന്ന ലക്ചറർ നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ ഉദ്യോഗാർത്ഥികൾക്ക് കിട്ടിയ മാർക്ക് ഇനം തിരിച്ച് വിശദാംശങ്ങൾ ഒരു ആഴ്ചക്കകം നൽകാൻ പ്രിൻസിപ്പലിനോട് നിർദ്ദേശിച്ചു. കുമാരപുരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിലെ ഉപഭോക്താവിന് പണ ഇടപാടിന്റെ രേഖ വിവരാവകാശ നിയമപ്രകാരം ബാങ്ക് നല്കാത്തതുമായി ബന്ധപ്പെട്ട പരാതിയിൽ കാർത്തികപ്പള്ളി അസി.രജിസ്ട്രാർക്ക് അടുത്തമാസം അഞ്ചിനകം ഹാജരാകാൻ സമൻസ് അയച്ചു. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അവകാശം സ്ഥാപിച്ച് റോഡ് നിർമ്മിച്ചു എന്ന പരാതിയിൽ പരാതിക്കാരൻ ആവശ്യപ്പെട്ട വിവരങ്ങൾ ഒരു ആഴ്ചക്കകം നൽകുമെന്ന് കായംകുളം നഗരസഭ സെക്രട്ടറി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ