
ആലപ്പുഴ: ആയിരക്കണക്കിന് രോഗികളുടെ ആശ്രയകേന്ദ്രമായ ആലപ്പുഴ മെഡിക്കൽ കോളേജിൽ രോഗികളുടെ ഒപ്പമെത്തുന്ന കൂട്ടിരിപ്പുകാർ വിശ്രമിക്കാൻ സൗകര്യമില്ലാതെ വലയുന്നു. കോടികൾ മുടക്കി സർക്കാർ പണികഴിപ്പിച്ച രണ്ട് വിശ്രമ കേന്ദ്രങ്ങൾ ആശുപത്രി വളപ്പിലുണ്ടെങ്കിലും ഇവ തുറന്നുകൊടുക്കാത്തതാണ് കാരണം.
കൊതുകുകടിയേറ്റ് ആശുപത്രി വരാന്തയിലും മരച്ചുവട്ടിലുമാണ് കൂട്ടിരിപ്പുകാർ വിശ്രമിക്കുന്നത്. എച്ച്.സലാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടിയും, സർക്കാരിന്റെ വിഹിതമായ 50 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച വിശ്രമകേന്ദ്രം 2024 സെപ്തംബർ 26ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷത്തിലധികം പിന്നിട്ടിട്ടും കെട്ടിടം കൂട്ടിരിപ്പുകാർക്കായി തുറന്നുനൽകിയിട്ടില്ല.
കെട്ടിടത്തിന്റെ നടത്തിപ്പിന്റെ കരാർ നൽകാൻ കഴിയാതെ പോയതാണ് പ്രവർത്തനത്തിന് തടസമെന്നും ആശുപത്രി വികസനസമിതിയോഗം ചേർന്നാലുടൻ കരാർ നൽകുമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
2012 ൽ കെ.സി. വേണുഗോപാൽ എം.പിയുടെ ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് പണിത വിശ്രമകേന്ദ്രവും 14 വർഷമായി അടച്ചിട്ടിരിക്കുകയാണ്. 20 പേർക്ക് വിശ്രമിക്കാനുള്ള സൗകര്യവും 8 ടോയ്ലെറ്റാണ് ഈ കെട്ടിടത്തിലുള്ളത്. 25 രൂപയായിരുന്നു വാടകയായി ഈടാക്കിയിരുന്നത്.കൊവിഡ് കാലത്ത് കൊവിഡ് പരിശോധനയ്ക്ക് ഉപയോഗിച്ചതൊഴിച്ചാൽ ഈ കെട്ടിടവും അടഞ്ഞ നിലയിലാണ്. ഇക്കാര്യം കേരളകൗമുദി ഏപ്രിൽ 11ന് റിപ്പോർട്ട് ചെയ്തിരുന്നു.
സൗകര്യങ്ങളുണ്ട്, തുറക്കേണ്ടേ
താഴത്തെ നിലയിൽ 7മുറികൾ, 5 ടോയ്ലെറ്റ് , ഗോവണി മുറി, റാമ്പ് ,ലോബി, റിസപ്ഷൻ .
ഒരു മുറി ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന ടോയ്ലറ്റോട് കൂടിയതാണ്
ഒന്നാമത്തെ നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വിശ്രമമുറി, ലോക്കർ.
താഴെ കഫറ്റേരിയ സൗകര്യവുമൊരുക്കിയിട്ടുണ്ട്
കൂട്ടിരുപ്പുകാരോട് അവഗണന
വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂടെ ഒരാളെ മാത്രമെ കൂട്ടിരിപ്പിന് അനുവദിക്കൂ. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ ഇടനാഴികളിൽ വേണം വിശ്രമിക്കാനും , അന്തിയുറങ്ങാനും. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും രാത്രിയിൽ ഒന്നു തലചായ്ക്കാനും ഇടമില്ലാത്ത സ്ഥിതിയാണ്. ആശുപത്രി പരിസരത്തെ ലോഡ്ജുകളെയും മറ്റും ആശ്രയിച്ചാൽ പണച്ചിലവുമേറും.
വിവിധ ഭാഗങ്ങളിൽ നിന്നായി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂടെ വരുന്നവർ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വരുന്നത്. ആശുപത്രിയുടെ ഇടനാഴികളിൽ കിടക്കുമ്പോൾ മൊബൈൽ ഫോൺ, പണം എന്നിവ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്
-അജികുമാർ, കൂട്ടിരിപ്പുകാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |