SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.06 AM IST

കേരളകൗമുദി വാർത്ത ഫലം കണ്ടു............. കെട്ടുതറക്കരി പാടത്തെ നെല്ല് ഇന്ന് സംഭരിക്കും

reji
റെജി ചെറിയാന്റെ ഓഫീസിൽ നടന്ന ചർച്ച

ആലപ്പുഴ: കൊയ്ത്തുകഴിഞ്ഞ് രണ്ടാഴ്ചയായി തകഴി കുന്നുമ്മയിൽ കെട്ടുതറക്കരി പാടത്ത് കെട്ടിക്കിടന്ന പത്തുലോഡോളം നെല്ല് അനിശ്ചിതത്വങ്ങൾക്കൊടുവിൽ സംഭരിക്കാൻ ധാരണയായി. 'വേനൽമഴയിൽ നനഞ്ഞ് പത്തുലോഡ് നെല്ല്' എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദിയിൽ വാർത്ത വന്നതിന് പിന്നാലെ കുട്ടനാട് നിയുക്ത എം.എൽ.എ റെജി ചെറിയാനും നെൽകർഷക സംരക്ഷണ സമിതി പ്രവർത്തകരും സപ്ളൈകോ പാ‌ഡി മാർക്കറ്റിംഗ് വിഭാഗം ജീവനക്കാരും മില്ലുകാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നെല്ല് ഇന്ന് സംഭരിക്കുമെന്നും മില്ലുകാരുടെ പ്രതിനിധികൾ ഉറപ്പ് നൽകി.

തകഴി പഞ്ചായത്ത് 10ാം വാ‌ർഡ് കുന്നുമ്മയിലെ കെട്ടുതറക്കരി പാടത്തെ 110 ഏക്കറിൽ കൃഷിയിറക്കിയ 72 കർഷകരുടെ നെല്ലാണ് സംഭരിക്കാനാകാതെ പാടത്ത് കൂട്ടിയിടേണ്ടി വന്നത്. മേയ് 2നായിരുന്നു ഇവിടെ കൊയ്ത്ത് . മില്ലുകാരുടെ ഏജന്റുമാർ വന്ന് നെല്ല് പരിശോധിച്ച് മടങ്ങിയതല്ലാതെ നടപടിയുണ്ടായില്ല. വേനൽ മഴ മുന്നറിയിപ്പ് വന്നതോടെ പാടശേഖരസമിതി പാഡി ഓഫീസുമായി ബന്ധപ്പെട്ടതിന് പിന്നാലെ മില്ലുകരുടെ പ്രതിനിധിയെത്തി 20 കിലോ കിഴിവ് നൽകിയാൽ നെല്ല് ഏറ്രെടുക്കാമെന്ന ഉപാധിവച്ചു പിൻവാങ്ങുകയായിരുന്നു. സംഭവം വാർത്തയാകുകയും കർഷകർ സമരത്തിനിറങ്ങുകയും ചെയ്യുന്ന സ്ഥിതി വന്നപ്പോഴാണ് പരിഹാരമായത്. നെൽകർഷക സംരക്ഷണ സമിതി നേതാക്കളായ സോണിച്ചൻ പുളിങ്കുന്ന്, ലാലിച്ചൻ പള്ളിവാതുക്കൽ, പാടശേഖരസമിതി സെക്രട്ടറി അജയകുമാർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു

കിഴിവ് 7 കിലോ

 കഴിഞ്ഞ ദിവസം വരെ മില്ലുകാർ 20കിലോ കിഴിവ് ആവശ്യപ്പെട്ടെങ്കിലും 7കിലോയ്ക്കാണ് ഇന്നലെ ധാരണയിലെത്തിയത്

കൊയ്ത്തു കഴിഞ്ഞതു മുതൽ നെല്ലേറ്റെടുക്കാൻ പാഡി ഓഫീസിൽ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായിരുന്നില്ല

 കർഷകർ പ്രതിഷേധപരിപാടികൾ ആലോചിക്കുന്നതിനിടെയാണ് റെജി ചെറിയാൻ മുൻകൈയെടുത്ത് ഇന്നലെ ചർച്ച നടത്തി പ്രശ്നം പരിഹരിച്ചത്.

7 കിലോ കിഴിവിൽ നെല്ല് സംഭരിക്കാമെന്നാണ് മില്ലുകാർ സമ്മതിച്ചത്. കർഷകരും തീരുമാനം അംഗീകരിച്ചതോടെ ഇന്ന് നെല്ല് സംഭരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്

- അജയകുമാർ, സെക്രട്ടറി, കെട്ടുതറക്കരി പാടം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL