SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

മത്സ്യലഭ്യത കുറഞ്ഞു, വറുതിയിൽ തീരം

ആലപ്പുഴ: മഴയുടെ അളവിലുണ്ടായ കുറവിനൊപ്പം പകൽച്ചൂടിന് കാഠിന്യമേറുകയും ചെയ്തതോടെ തീരത്ത് മത്സ്യലഭ്യതയിൽ വൻകുറവ്. കഴിഞ്ഞ ഒരാഴ്ചയായി തോട്ടപ്പളളി, അഴീക്കൽ ഹാർബറുകളിൽ നിന്ന് പോകുന്ന വള്ളങ്ങൾക്ക് എണ്ണച്ചിലവിനുള്ള വകപോലും ലഭിക്കുന്നില്ല.

മുൻ വർഷങ്ങളിലേതുപോലെ കാലവർഷം ശക്തമാകാതിരുന്നതാണ് മത്സ്യലഭ്യതയിൽ വലിയ കുറവിന് കാരണമായതെന്നാണ് മത്സ്യതൊഴിലാളികളുടെ വെളിപ്പെടുത്തൽ. ചെമ്മീൻ, നാരൻ, ആവോലി, താട, പരവ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളാണ് ട്രോളിംഗ് നിരോധന കാലത്ത് ചെറിയ വള്ളങ്ങൾക്ക് മുൻകാലങ്ങളിൽ സുലഭമായി ലഭിച്ചിരുന്നത്. ട്രോളിംഗ് നിരോധനത്തിന്റെ തുടക്കനാളുകളിൽ പരമ്പരാഗത തൊഴിലാളികൾ മ്തസ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്കെല്ലാം മത്തിയും ചെമ്മീനുമുൾപ്പെടെ ലഭിച്ചിരുന്നെങ്കിലും എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി മഴയിലുണ്ടായ കുറവും ചൂടിലുണ്ടായ വർദ്ധനയും കാര്യങ്ങൾ മാറ്റിമറിച്ചു.

തോട്ടപ്പള്ളി സ്പിൽവേയിലുൾപ്പെടെ ഒഴുക്ക് കുറയുകയും വേണ്ടത്ര മഴയില്ലാതെ തീരത്തോട് ചേർന്ന മേഖലകളിൽ വെള്ളം ചൂടുപിടിക്കുകയും ചെയ്തതോടെ ഉപരിതലത്തിൽ കാണപ്പെട്ടിരുന്ന അയലയും മത്തിയും ചൂടയുമുൾപ്പെടെ മത്സ്യങ്ങൾ അടിത്തട്ടിലേക്ക് മാറിയതാണ് ജലോപരിതലത്തിലുള്ള മത്സ്യങ്ങളെ മാത്രം പിടിക്കാവുന്ന വലകളുള്ള വള്ളക്കാർക്ക് തിരിച്ചടിയായത്.

ഇന്ധനമുൾപ്പെടെ അരലക്ഷംരൂപവരെ ചെലവിട്ട് കടലിൽ പോകുന്ന മിക്ക വള്ളങ്ങൾക്കും ചെലവുകാശുപോലും ലഭിക്കാത്ത സ്ഥിതി വന്നതോടെ ഫിഷിംഗിന് പോകുന്ന വള്ളങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഇന്നലെ അഴീക്കൽ,തോട്ടപ്പള്ളി ഹാർബറുകളിൽ നിന്നുപോയ മിക്ക വള്ളങ്ങൾക്കും ചെറിയ അയലയാണ് ലഭിച്ചത്.

മഴ ചതിച്ചു, ചൂടും

 മത്സ്യങ്ങളുടെ പ്രജനനകാലമാണ് മൺസൂൺ സീസൺ. ഈ സമയത്ത് നിറഞ്ഞുപൊന്തിയ പുഴകളിലെയും നദികളിലെയും വെള്ളം പൊഴികൾ വഴി കടലിലേക്കെത്തും.

 മഴയിൽ കുറവുവന്നാൽപ്പോലും നദികളിൽ നിന്നുള്ള വെള്ളമെത്തുന്നതിനാൽ കടൽജലം പെട്ടെന്ന് ചൂടുപിടിക്കില്ല

 വെള്ളത്തിനും എക്കലിനുമൊപ്പം സൂക്ഷ്മ ജീവികളുൾപ്പെടെ മത്സ്യങ്ങൾക്ക് തീറ്റയ്ക്കുള്ള വിഭവങ്ങളും ഒഴുക്കുവെള്ളത്തിൽ സുലഭമാണ്

 ഇത് കാരണം മുൻകാലങ്ങളിൽ പൊഴിമുഖങ്ങളിലും അതിനോട് ചേർന്ന തീരദേശത്തും മത്സ്യങ്ങൾ സുലഭമായിരുന്നു.

ചെറിയ അയലയ്ക്ക് ഇന്നലെ വില (കിലോയ്ക്ക്)

₹75

മഴയിലുണ്ടായ കുറവും കാലാവസ്ഥാ വ്യതിയാനവുമാണ് സീസണിൽ മത്സ്യലഭ്യത ഇല്ലാതാക്കിയത്. നാരനും പൂവാലനുമുൾപ്പെടെയുള്ള ചെമ്മീനും കണവയും സുലഭമായി ലഭിക്കേണ്ട സമയമാണിത്

- സാഗർ, മത്സ്യത്തൊഴിലാളി

മഴയിൽ കുറവ് വന്നതിന് പുറമേ പുഴകളിലും നദികളിലും ഒഴുക്ക് ഇല്ലാതാകുകയും അഴിമുഖങ്ങൾ നിശ്ചലമാകുകയും ചെയ്തത് മത്സ്യങ്ങളുടെ തീരത്തേക്കുള്ള വരവ് കുറയാൻ കാരണമായി

- റിസർച്ച് വിഭാഗം ,കുഫോസ്, കൊച്ചി


...........

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL