
കൊച്ചി: സ്കൂൾ പാചക തൊഴിലാളികളുടെ വേതനവും അനുകൂല്യങ്ങളും വൈകുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തൊഴിലാളി സംഘടനകളുടെ യോഗം ആഗസ്റ്റിൽ വിളിച്ചുചേർക്കും. മന്ത്രി എൻ. ഷംസുദ്ദീനുമായി തൊഴിലാളി സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഉറപ്പ്.
ജൂണിലെ ശമ്പളം ജൂലായ് അവസാനിക്കാറായിട്ടും ലഭിച്ചിട്ടില്ല. ഇത് നാലു ദിവസത്തിനകം ലഭിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. നാല് മാസത്തിനിടയിൽ, ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കാല സമാശ്വാസമായ 4000 രൂപ മാത്രമാണ് തൊഴിലാളികൾക്ക് ലഭിച്ചത്.
വേതനം എല്ലാ മാസവും അഞ്ചാം തീയതിക്കകം വിതരണം ചെയ്യണമെന്നതാണ് സ്കൂൾ പാചക തൊഴിലാളികളുടെ പ്രധാന ആവശ്യം. അങ്കണവാടി ജീവനക്കാർക്ക് ഉൾപ്പെടെ അനുവദിച്ച 1000 രൂപയുടെ വർദ്ധനവും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബഡ്ജറ്റിൽ പ്രഖ്യാപിച്ച 25 രൂപയുടെ വർദ്ധനവും ലഭ്യമാക്കണം. നിലവിലുള്ള 500 കുട്ടികൾക്ക് ഒരാൾ എന്ന അശാസ്ത്രീയമായ തൊഴിലാളി അനുപാതം 150 കുട്ടികൾക്ക് ഒരാളെന്ന നിലയിൽ (അല്ലെങ്കിൽ ചുരുങ്ങിയത് 250 കുട്ടികൾക്ക് ഒരാളെന്നോ) പുനഃക്രമീകരിക്കണം.
മിനിമം വേജ് നോട്ടിഫിക്കേഷനിൽ നിന്ന് പാചക തൊഴിലാളികളെ ഒഴിവാക്കിയ നടപടി തിരുത്തണം. തൊഴിലാളികൾക്കായി ഇൻഷ്വറൻസ്, യൂണിഫോം, ഏപ്രൺ, ഐഡന്റിറ്റി കാർഡ്, ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങളും, 40 വർഷം വരെ ജോലി ചെയ്ത് വിരമിക്കുന്നവർക്ക് ഗ്രാറ്റുവിറ്റിയും പെൻഷനും ഉൾപ്പെടെ വിരമിക്കൽ ആനുകൂല്യങ്ങളും ഉറപ്പാക്കണം.
മാസ വേതനം 14500 രൂപ ലഭിക്കണം
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് ദിവസക്കൂലി 25 രൂപ വർദ്ധിപ്പിച്ച് 675 രൂപയാക്കിയിരുന്നു. ഈ വർദ്ധനവും ഇതുവരെ നടപ്പായിട്ടില്ല. ഇങ്ങനെ 675 രൂപയും പുതിയ സർക്കാർ പ്രഖ്യാപിച്ച 1000 രൂപയും ചേർത്ത് ഒരുമാസം 14500 രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കേണ്ടത്. സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതോടെ ഈ അദ്ധ്യയന വർഷം 150 പേർക്കാണ് ജോലി നഷ്ടമായത്.
ആകെ പാചക തൊഴിലാളികൾ: 13177
ദിവസശമ്പളം: 650
ഉത്സവബത്ത: 1450
അവധിക്കാല അലവൻസ്: 2000
തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച വിളിക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്.
പി.ജി. മോഹനൻ,
ജനറൽ സെക്രട്ടറി,
സ്‌കൂൾ പാചക
തൊഴിലാളി യൂണിയൻ,
(എ.ഐ.ടി.യു.സി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |