SignIn
Kerala Kaumudi Online
Friday, 31 July 2026 4.06 AM IST

കൊച്ചിയിൽ പിടിയിലായത് വമ്പൻസ്രാവുകൾ. 29കാരൻ കാമുകനൊപ്പം 39കാരിയുടെ രാസലഹരി കച്ചവടം

shafi-
മുഹമ്മദ് ഷാഫി

കൊച്ചി: ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് കടത്തിയ 94.032 ഗ്രാം എം.ഡി.എം.എയുമായി യുവതിയും കാമുകനും എക്സൈസിന്റെ പിടിയിലായി. എറണാകുളം സൗത്തിലെ ലോഡ്ജിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് 65.27 ഗ്രാം രാസലഹരിയുമായി കാമുകനെ പിടികൂടിയത്. ബാക്കി 28.76 ഗ്രാം രാസലഹരി ആലപ്പുഴയിലെ വീട്ടിൽ ഭദ്രമായി ഒളിപ്പിച്ച് തിരിച്ചെത്തിയപ്പോഴാണ് യുവതി അറസ്റ്റിലായത്. ഇതോടെ നാല് കൊല്ലത്തെ ‘കൂട്ടുകച്ചവട’ത്തിന് എക്സൈസ് കൂച്ചുവിലങ്ങിട്ടു.

ഹോംനേഴ്സ് അമ്പലപ്പുഴ പുതവുൽ കോമനവീട്ടിൽ എസ്. സരിത (39), ഇന്റീരിയർ ഡെക്കറേഷൻ തൊഴിലാളി ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേമുറി പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (29) എന്നിവരാണ് പിടിയിലായത്. വിവാഹമോചിതയായ സരിതയും മുഹമ്മദ് ഷാഫിയും നാലു കൊല്ലമായി അടുപ്പത്തിലാണ്. ആലപ്പുഴയിലും രണ്ട് മയക്കുമരുന്നു കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഷാഫി.

മയക്കുമരുന്ന് കടത്ത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച്

ബംഗളൂരുവിൽ നേരിട്ടെത്തിയാണ് രാസലഹരി വാങ്ങുന്നത്. ഇത്തവണ 100 ഗ്രാം എം.ഡി.എം.എയുമായിട്ടായിരുന്നു വരവ്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുന്നത് സരിതയാണ്. ട്രെയിനൊഴിവാക്കി ടൂറിസ്റ്റ് ബസുകളിലാണ് കേരളത്തിലേക്ക് യാത്ര. മൂന്ന് തവണ ബസ് മാറിക്കയറും. ഇത്തവണ കാമുകനൊപ്പം ബംഗളൂരുവിൽ നിന്ന് വരുംവഴി കണ്ണൂർ ഇരിട്ടി ഭാഗത്ത് പൊലീസിന്റെ വാഹനപരിശോധനക്കിടെ ബസിൽ നിന്ന് ഇറങ്ങിയ സരിത മറ്റൊരു ടൂറിസ്റ്റ് ബസിലാണ് കൊച്ചിയിലെത്തിയത്.

എക്സൈസ് എത്തിയപ്പോൾ കാമുകി മിസിംഗ്

ഇവരിൽ നിന്ന് എം.ഡി.എം.എ വാങ്ങുന്ന യുവാവ് പിടിയിലായതോടെയാണ് കമിതാക്കളുടെ രാസലഹരി വില്പനയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്. ബുധനാഴ്ച വൈകിട്ട് സൗത്തിലെ ലോഡ്ജിൽ എക്സൈസ് എത്തുമ്പോൾ 65. 27 ഗ്രാം രാസലഹരിയുമായി മുഹമ്മദ് ഷാഫി മാത്രം. ബാക്കി ലഹരിയുമായി ആലപ്പുഴയിൽ പോയ സരിത മടങ്ങിവരുംവരെ എക്സൈസ് രഹസ്യമായി നിലയുറപ്പിച്ചു. വൈകി തിരിച്ചെത്തിയപ്പോഴാണ് സരിതയെ കസ്റ്റഡിയിലെടുത്തത്.

 ഇടപാടെല്ലാം സിഗ്നൽ ആപ്പിൽ

കൊച്ചിയിലെ പ്രധാന നിശാപാർട്ടികൾക്ക് രാസലഹരി നൽകുന്നത് ഇവരാണ്. 5 ഗ്രാം, 10 ഗ്രാം അളവിലാണ് കൈമാറ്റം. സിഗ്നൽ ആപ്പ് വഴിയാണ് ഇടപാടുകൾ. ഈ ആപ്പ് പേര് മാറ്റി ഉപയോഗിക്കാൻ സാധിക്കുമെന്ന പ്രത്യേകതയുണ്ട്. വെതർ എന്ന പേരിലാണ് ഈ ആപ്പിലൂടെ മുഹമ്മദ് ഷാഫിയും സരിതയും രാസലഹരി ഇടപാടുകൾ നടത്തുന്നത്.

പെട്ടിയിൽ ലക്ഷങ്ങളുടെ കിലുക്കം

ബുധനാഴ്ച രാത്രി മുഴുവൻ നീണ്ട ചോദ്യം ചെയ്യലിൽ എക്സൈസിന് കിട്ടിയത് ‘വിലപ്പെട്ട’ വിവരങ്ങൾ. ഗ്രാമിന് 1100 രൂപ നിരക്കിൽ 100 ഗ്രാമിന് 1.10 ലക്ഷം രൂപ നൽകിയാണ് എം.ഡി.എം.എ വാങ്ങിയത്. കേരളത്തിൽ ഗ്രാമിന് 3200 മുതൽ 4000 രൂപ വരെ നിരക്കിലാണ് വില്പന. ഈയിനത്തിൽ ചുരുങ്ങിയത് 3.20 ലക്ഷം രൂപ പെട്ടിയിൽ വീഴും. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എറണാകുളം എക്സൈസ് ഇൻസ്പെക്ടർ അഭിരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VASTU AND CLOTHES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL