SignIn
Kerala Kaumudi Online
Saturday, 01 August 2026 3.56 AM IST

പെരിയാ‌‌‌ർ നദി സംരക്ഷണ ഡ്രാഫ്റ്റ്: ജലഗുണനിലവാരം ക‌ർശനമാക്കും

d

കൊച്ചി: പെരിയാറിൽ അടിക്കടിയുണ്ടാകുന്ന മത്സ്യക്കുരുതിയും ജലത്തിന്റെ നിറവ്യത്യാസവും ഷട്ടർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി നിരീക്ഷിക്കാൻ സമഗ്ര സംവിധാനം. ജലവിഭവ വകുപ്പിന്റെ കരട് ഷട്ടർ ഓപ്പറേഷൻ പ്രോട്ടോക്കോളിൽ ജലനിരപ്പ് നിയന്ത്രണത്തിനൊപ്പം ജലഗുണനിലവാര നിരീക്ഷണത്തിനും മാ‌ർഗനി‌ർദ്ദേശമുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ശുപാർശകൾ പരിഗണിച്ചായിരിക്കും ഷട്ടർ പ്രവർത്തനം.

പെരിയാറിൽ ജലപ്രവാഹം കുറയുന്ന ഫെബ്രുവരി മുതൽ മേയ് വരെയുള്ള കാലയളവിലാണ് മത്സ്യക്കുരുതിയും ജലത്തിന്റെ നിറമാറ്റവും സംബന്ധിച്ച പരാതികൾ കൂടുതലായി ഉയരുന്നത്. ഈ സാഹചര്യത്തിൽ നദിയിലെ അടിയുറച്ച ഓക്സിജന്റെ (ഡി.ഒ) അളവ് നിരന്തരം പരിശോധിക്കണമെന്നും അത് അപകടകരമായ നിലയിലേക്ക് താഴുകയാണെങ്കിൽ ഉടൻ ഷട്ടർ പ്രവർത്തനത്തിൽ മാറ്റം വരുത്തണമെന്നും പ്രോട്ടോക്കോളിൽ നിർദ്ദേശിക്കുന്നു.

നിശ്ചിത ഇടവേളയിൽ

സാമ്പിൾ ശേഖരണം

കരട് പ്രോട്ടോക്കോൾ പ്രകാരം മലിനീകരണ നിയന്ത്രണ ബോർഡാണ് ജലസാമ്പിളുകൾ പരിശോധിക്കേണ്ടത്. സാധാരണ സാഹചര്യങ്ങളിൽ നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തണമെന്ന വ്യവസ്ഥയ്ക്കൊപ്പം, നീരൊഴുക്ക് കുറഞ്ഞ സമയത്ത് കൂടുതൽ തവണ പരിശോധന നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ജലത്തിന്റെ ഉപരിതലത്തിൽ നിന്നുമാത്രമല്ല, നദിയുടെ ആഴത്തിലുള്ള ജലഗുണനിലവാരവും വിലയിരുത്തുന്ന രീതിയിൽ സാമ്പിൾ പരിശോധന നടത്തണമെന്നാണ് ആദ്യം നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിൽ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് സർക്കാരിനെ സമീപിച്ചു. റിസർവോയറിൽ നിന്ന് ജലസാമ്പിൾ ശേഖരിച്ചാൽ മതിയെന്നാണ് ബോർഡിന്റെ നിലപാട്.

ഷട്ടർ തുറക്കുന്നതിന് മുമ്പും പരിശോധന

ഷട്ടർ പ്രവർത്തനങ്ങൾക്ക് മുമ്പും ശേഷവും ജലഗുണനിലവാരം പരിശോധിക്കണമെന്ന നിർദ്ദേശം കരടിലുണ്ട്. എന്നാൽ ഈ വ്യവസ്ഥ ഒഴിവാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് സർക്കാരിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. അന്തിമ പ്രോട്ടോക്കോളിൽ ഈ വിഷയത്തിൽ തീരുമാനമുണ്ടാകും. വേനൽക്കാലത്ത് ഭൂതത്താൻകെട്ട് ബാരേജിൽ നിന്ന് ആവശ്യമായ അളവിൽ വെള്ളം തുറന്നുവിടുന്നതിലും ഇടമലയാർ ജലവൈദ്യുത പദ്ധതിയുടെ ടെയിൽറേസ് ഡിസ്ചാർജിലും ആശ്രയിച്ചാണ് താഴേക്കുള്ള ജലപ്രവാഹം നിലനിറുത്തുന്നത്. ഈ സമയത്ത് ഷട്ടർ പ്രവർത്തനത്തിലെ പിഴവുകൾ ജലനിരപ്പിനെയും ജലഗുണനിലവാരത്തെയും ബാധിക്കും. അതിനാലാണ് വേനൽക്കാല പ്രവർത്തനങ്ങൾക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അടിയന്തര യോഗം ചേരണം

മത്സ്യക്കുരുതിയോ ഗുരുതരമായ ജലമലിനീകരണമോ ഉണ്ടായാൽ മലിനീകരണ നിയന്ത്രണ ബോർഡ്, കേരള വാട്ടർ അതോറിട്ടി, ഇറിഗേഷൻ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്തയോഗം വിളിച്ചുചേർക്കണമെന്നാണ് കരട് പ്രോട്ടോക്കോളിൽ. ഇത്തരം യോഗങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഇറിഗേഷൻ വകുപ്പിന് കൂടുതൽ ഉത്തരവാദിത്വം നൽകണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അടിയന്തര റിപ്പോ‌‌ർട്ട് സാഹചര്യങ്ങൾ

ജലത്തിന്റെ നിറം മാറുക

രൂക്ഷമായ ദുർഗന്ധം

മത്സ്യക്കുരുതി ഉണ്ടാവുക

കലക്കവെള്ളത്തിന്റെ അളവിൽ അസാധാരണ മാറ്റം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL