കോഴിക്കോട്: പരിമിതിയിൽ വീർപ്പുമുട്ടി ഒടുവിൽ നഗരം വിട്ടുപോയ ബീച്ച് ഫയർ സ്റ്റേഷൻ തിരിച്ചുകൊണ്ടു വരാൻ കോർപ്പറേഷൻ. മീഞ്ചന്തയിലേക്ക് മാറ്റിയതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കും സുരക്ഷാ ആശങ്കകൾക്കും പിന്നാലെയാണ് നഗരത്തിൽ തന്നെ താത്ക്കാലിക ഫയർ സ്റ്റേഷൻ ഒരുക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്.
കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഴക് വിഭാഗത്തിന്റെയും ട്രാൻസ്പോർട്ട് വിഭാഗത്തിന്റെയും ഓഫീസുകളുള്ള കെട്ടിടത്തിലാണ് താത്കാലികമായി യൂണിറ്റ് പ്രവർത്തിക്കുക. നഗരത്തിലെ ജനത്തിരക്കേറിയതും തീപിടിത്ത സാദ്ധ്യത കൂടുതലുള്ളതുമായ മേഖലകളിൽ അഗ്നിരക്ഷാ സേവനം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് മേയർ ഒ. സദാശിവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഗ്നിശമന സേന വാഹനങ്ങൾ നിറുത്തിയിടുന്നതിനും സേനാംഗങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കും. മിഠായിത്തെരുവ്, വലിയങ്ങാടി, പാളയം തുടങ്ങിയ പ്രധാന വ്യാപാര മേഖലകളിലേക്ക് അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ എത്തിച്ചേരാൻ ഇതോടെ സാധിക്കും.
ബീച്ച് ഫയർ സ്റ്റേഷൻ മാറ്റിയതോടെ നഗരത്തിൽ തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ മീഞ്ചന്തയിൽ നിന്നോ വെള്ളിമാടുകുന്നിൽ നിന്നോ അഗ്നിരക്ഷാ സേന എത്തേണ്ട സാഹചര്യമായിരുന്നു. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് മറികടന്ന് ഫയർ എൻജിനുകൾ എത്താൻ കൂടുതൽ സമയം വേണ്ടിവരുമെന്നത് വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രധാന ആശങ്കയായിരുന്നു.
പ്രതിഷേധം, ഒടുവിൽ മനംമാറ്റം
ബീച്ച് ഫയർ സ്റ്റേഷൻ മീഞ്ചന്തയിലേക്ക് മാറ്റിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം 14-ന് ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. എന്നാൽ ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്നും നേരത്തേ ചർച്ച ചെയ്ത വിഷയമാണെന്നും ചൂണ്ടിക്കാട്ടി മേയർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാൽ വ്യാപാരിസംഘടനകളും പൊതുജനങ്ങളും ആശങ്ക അറിയിച്ചതോടെയാണ് നഗരത്തിനുള്ളിൽ താൽക്കാലിക ഫയർ ഫോഴ്സ് യൂണിറ്റ് ആരംഭിക്കാനുള്ള തീരുമാനത്തിലേക്ക് കോർപ്പറേഷൻ എത്തിയത്.
മൂന്നു വർഷം കാത്തിരുന്നു
ഒടുവിൽ മീഞ്ചന്തയിലേക്ക്
മൂന്നു വർഷം മുമ്പാണ് പുതിയ ഫയർ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുമെന്ന പ്രഖ്യാപനത്തോടെ പഴയ ബീച്ച് ഫയർ സ്റ്റേഷൻ പൊളിച്ചുനീക്കിയത്. എന്നാൽ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചില്ല. തുടർന്ന് താത്ക്കാലിക സംവിധാനങ്ങളിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ ഒടുവിൽ പൂർണമായും മീഞ്ചന്തയിലേക്ക് മാറ്റുകയായിരുന്നു. ബീച്ച് സ്റ്റേഷനിലുണ്ടായിരുന്ന എട്ട് യൂണിറ്റുകളിലെ അഗ്നിരക്ഷാ സേനാംഗങ്ങളെ കൊയിലാണ്ടി, മുക്കം, നരിക്കുനി, വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നിവിടങ്ങളിലേക്ക് പുനർവിന്യസിക്കുകയും ഫയർ എൻജിനുകൾ മീഞ്ചന്തയിലേക്കും വെള്ളിമാടുകുന്നിലേക്കും മാറ്റുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |