
കൊഴുവനാൽ: പൊതുപ്രവർത്തനരംഗത്ത് ശ്രദ്ധേയനായിരുന്ന അഡ്വ.ടി.വി.എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃകയാണെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. അഡ്വ. ടി.വി.എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് എച്ച്.എസ്.എസ് ഹാളിൽ സംഘടിപ്പിച്ച അഡ്വ.ടി.വി.എബ്രഹാമിന്റെ 13ാമത് അനുസ്മരണ സമ്മേളനവും എക്‌സലൻസ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി സി.കാപ്പൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു
വിദ്യാഭ്യാസത്തിനൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് മന്ത്രി പറഞ്ഞു. സ്‌കൂൾ മാനേജർ ഫാ.ജോസ് നെല്ലിക്കത്തേരുവിൽ അനുഗ്രഹപ്രഭാഷണം നടത്തി. അഡ്വ.ടി.വി.എബ്രഹാം ഫൗണ്ടേഷൻ പ്രസിഡന്റ് മുൻ എം.എൽ.എ. പി.സി.ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് എക്‌സലൻസ് അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയിൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ്, ളാലം ബ്ലോക്ക് പഞ്ചായത്തംഗം സാജൻ മണിയങ്ങാട്ട്, ഗ്രാമപഞ്ചായത്ത് അംഗം ജെസി ജോർജ്, അഡ്വ.ടി.വി. എബ്രഹാം ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് തോമസ്, ഫൗണ്ടേഷൻ സെക്രട്ടറിയും പി.ടി.എ. പ്രസിഡന്റുമായ ഷിബു തെക്കേമറ്റം, സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ബെല്ല ജോസഫ്, ഹെഡ്മാസ്റ്റർ സോണി തോമസ്, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രൊഫ.കൊച്ചുത്രേസ്യാ എബ്രഹാം, നോബി എബ്രഹാം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |