ഒപ്പം പിടിയിലായവരിൽ യുവതികളും
കൊച്ചി: കുണ്ടന്നൂരിലെ ഫോറം മാളിന് സമീപം ലഹരിസംഘം തട്ടിക്കൊണ്ടുപോയി വിട്ടയച്ച യുവാവ് ഉൾപ്പെട്ട നാലംഗ സംഘത്തെ രാസലഹരിയുമായി പാലാരിവട്ടം വെണ്ണലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് കൊച്ചി സിറ്റി ഡാൻസാഫ് അറസ്റ്റ് ചെയ്തു. പശ്ചിമ കൊച്ചിയിലെ കുപ്രസിദ്ധ ലഹരിഇടപാടുകാരൻ തോപ്പുംപടി സ്വദേശി ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിൽ നാലംഗസംഘം തട്ടിക്കൊണ്ടുപോയി ആലുവയിൽ ഒരു ദിവസം രാത്രി ബന്ദിയാക്കിയ മരട് തോമസ്‌പുരം കൊല്ലംപറമ്പ് വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (24), ഓൺലൈൻ ടാക്സി ഡ്രൈവർ പുത്തൻകുരിശ് വടവുകോട് എമ്പ്രംമഠത്തിൽ ബിനുമോഹൻ (34), അനസ്തീഷ്യ അസിസ്റ്റന്റ് ആലപ്പുഴ ഹരിപ്പാട് ചക്കാലകിഴക്കേതിൽ പാർവതി (25), പനങ്ങാട് മാടവന തിട്ടയിൽ വീട്ടിൽ സാന്ദ്രാഞ്ജലി (25) എന്നിവരാണ് 4.88 ഗ്രാം എം.ഡി.എം.എയുമായി വെണ്ണല പുനത്തി റോഡിലെ അപ്പാർട്ട്മെന്റിൽ നിന്ന് വ്യാഴാഴ്ച രാത്രി പിടിയിലായത്.
തട്ടിക്കൊണ്ടുപോയത് 46,000 രൂപയുടെ പേരിൽ, വിട്ടയച്ചത് സ്കൂട്ടറിന്റെ ഈടിൽ
ബുധനാഴ്ച രാത്രി 9.50നാണ് ഫോറം മാളിന് മുന്നിലെ സർവീസ് റോഡിൽ സ്കൂട്ടറിലെത്തിയ റിജോയ് ബെക്സണിനെ സ്വിഫ്റ്റ് കാറിൽ കാത്തുനിന്ന ഫ്രാൻസിസ് സേവ്യറും സംഘവും ബലംപ്രയോഗിച്ച് കടത്തിയത്. കൊച്ചിയിലെ ലഹരിഇടപാടുകാരായ ഷഹനാസ്, പള്ളുരുത്തി അജീഷ്, കണ്ണൂർ മനോജ് എന്നിവർ ഒപ്പമുണ്ടായിരുന്നു. രാസലഹരി വാങ്ങിയ ഇനത്തിൽ ലഹരി സംഘത്തിന് റിജോയ് നൽകാനുള്ള 46,000 രൂപയുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചത്. കൊച്ചി സിറ്റി പരിധിയിൽ നിന്ന് കാപ്പചുമത്തി നാടുകടത്തിയ ഫ്രാൻസിസിന്റെ ആലുവയിലെ ഒളിസങ്കേതത്തിലാണ് വ്യാഴം പുലർച്ചെ വരെ ബന്ദിയാക്കിയത്. പണം ഉടൻ നൽകാമെന്ന ഉറപ്പിൽ രാവിലെ വിട്ടയച്ചു. കുണ്ടന്നൂരിൽ നിന്ന് ലഹരിസംഘം ആലുവ വരെ കൊണ്ടുവന്ന റിജോയുടെ സ്കൂട്ടറാണ് ഈടായി നൽകിയത്.
വ്യാഴാഴ്ച രാത്രി സിറ്റി പൊലീസ് കമ്മിഷണറുടെ സ്ക്വാഡ് റിജോയിയെ കണ്ടെത്താൻ തെരച്ചിൽ നടത്തുന്നതിനിടെയാണ് നാർക്കോട്ടിക്ക് സെൽ എ.സി.പി ടി.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം നാലംഗസംഘത്തെ പിടികൂടിയത്. ഇതേ സംഘത്തിലുൾപ്പെട്ട വിബിൻ ഒളിവിലാണ്. മരട് പൊലീസ് സ്റ്റേഷനിൽ രാസലഹരി കേസിൽ പ്രതിയായ റിജോയ് കൊച്ചി സിറ്റിയിലെ പ്രധാന വിതരണക്കാരനാണ്. നാലുപേരെയും പാലാരിവട്ടം പൊലീസിന് കൈമാറി. തട്ടിക്കൊണ്ടുപോകൽ കേസ് എറണാകുളം എ.സി.പി സുരേഷിന്റെ നേതൃത്വത്തിൽ മരട് പൊലീസാണ് അന്വേഷിക്കുന്നത്. യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ ഷഹനാസിന്റേതാണെന്ന് തിരിച്ചറിഞ്ഞു. പ്രതികൾക്കായി അന്വേഷണം തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |