SignIn
Kerala Kaumudi Online
Thursday, 13 August 2026 3.34 AM IST

പോക്കറ്റടി പൊളിച്ച് യു.പി.ഐ വിപ്ളവം

g

കൊച്ചി: തിരക്കുള്ള സ്വകാര്യ ബസുകളിൽ "സാറിന്റെ ഷർട്ടിന് പിന്നിൽ എന്തോ ആയിട്ടുണ്ടല്ലോ" എന്നു പറഞ്ഞ് ശ്രദ്ധതിരിച്ച് നടത്തുന്ന ആസൂത്രിത പോക്കറ്റടികൾ ഇനി പഴയ സിനിമകളിലെ സീൻ മാത്രം. യു.പി.ഐ ഇടപാടുകൾ വ്യാപകമായതോടെ നാടൻ പോക്കറ്റടിക്കാരുടെ 'ബിസിനസ് " തകർന്നടിഞ്ഞു. പോക്കറ്റടി കേസുകൾ നൂറിൽ ഒന്നായി ചുരുങ്ങി. മാല പൊട്ടിക്കലാണ് ഇപ്പോൾ കൂടുന്നത്.

ഓണക്കാലവും മറ്റ് ആഘോഷ വേളകളും ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമങ്ങളിൽ നിന്ന് സംഘങ്ങളായാണ് പോക്കറ്റടിക്കാർ കേരളത്തിൽ തമ്പടിച്ചിരുന്നത്. പോക്കറ്റിൽ പണവുമായി നടക്കുന്ന ശീലം തീരെ കുറഞ്ഞതോടെ ഇത്തരം സംഘങ്ങളുടെ വരവും നിലച്ചു.

ഒരുകാലത്ത് റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ഉത്സവ പറമ്പുകൾ എന്നിവ കേന്ദ്രീകരിച്ച് സജീവമായിരുന്ന കുറ്റവാളികൾക്ക് ഇന്ന് പഴ്സ് അടിച്ചെടുത്താൽ ലഭിക്കുന്നത് ചെറിയ തുകയും ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും മറ്റുമാണ്. സ്മാർട്ട്‌ഫോണുകൾ മോഷ്ടിക്കാമെന്ന് വച്ചാൽ അതും പണിയാണ്. ആധുനിക സ്മാർട്ട്‌ഫോണുകളിലെ പുതിയ ഫീച്ചറുകൾ, ഡിജിറ്റൽ ലോക്കിംഗ്, ജി.പി.എസ് ട്രാക്കിംഗ് എന്നിവ കാരണം ഫോണുകൾ റീസെറ്റ് ചെയ്യാനോ ഉപയോഗിക്കാനോ ബുദ്ധിമുട്ടാണ്. മോഷ്ടിച്ച മൊബൈൽ വാങ്ങാൻ കടക്കാർ തയ്യാറാകാത്തതും ഇത്തരം കുറ്റവാളികളെ ഈ മേഖലയിൽ നിന്ന് പൂർണമായി പിന്തിരിപ്പിച്ചു.

ഒ.ടി.പി തട്ടിപ്പുകളിലൂടെയും വ്യാജ ക്യു.ആർ കോഡുകളിലൂടെയും അക്കൗണ്ട് തൂത്തുവാരുന്ന സൈബർ ഡിജിറ്റൽ പോക്കറ്റടിക്കാരാണ് ഇന്ന് പൊലീസിന് പുതിയ തലവേദന.

 ഡിജിറ്റൽ പോക്കറ്റടികൾ

ക്യു.ആർ കോഡ് തട്ടിപ്പ്: ക്യു.ആർ കോഡ് സ്‌കാൻ ചെയ്യുന്നത് പണം അയക്കാൻ മാത്രമാണ്. നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാൻ ആരും ക്യു.ആർ കോഡ് സ്‌കാൻ ചെയ്യരുത്.
അജ്ഞാത ലിങ്കുകൾ: യു.പി.ഐ ആപ്പുകളുമായി ബന്ധപ്പെട്ട സൗജന്യ ഓഫറുകളോ ക്യാഷ്ബാക്കുകളോ വാഗ്ദാനം ചെയ്യുന്ന വ്യാജ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്.

സൈബർ തട്ടിപ്പുകാരിൽ നിന്ന് നിങ്ങളുടെ യു.പി.ഐ പിൻ നമ്പറും ഒ.ടി.പിയും എപ്പോഴും രഹസ്യമായി സൂക്ഷിക്കുക

സൈബർ പൊലീസ്

English Summary

The widespread use of UPI digital payments has severely affected the traditional pickpocketing trade. Pickpocketing cases have reportedly dropped to just one in a hundred, while chain-snatching incidents are now on the rise.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL