
കൊച്ചി: ''ആദ്യമെല്ലാം കൂടുതൽ പണി കിട്ടുന്നതിന്റെ സന്തോഷമായിരുന്നു. ശരിയാക്കിയ ബുള്ളറ്റുകൾ വീണ്ടുമെത്തിത്തുടങ്ങിയതോടെ എട്ടിന്റെ പണിയായി. ഇപ്പോൾ പണിക്കാശ് നോക്കാതെ വണ്ടികൾ ശരിയാക്കിക്കൊടുക്കേണ്ട അവസ്ഥയാണ്'' - അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരള ജില്ലാ പ്രസിഡന്റ് എൻ.പി. സതീശന്റെ വാക്കുകളാണിത്. എഥനോൾ കലർത്തിയ ഇ-20 പെട്രോൾ ഇരുചക്ര വാഹനങ്ങൾക്കുണ്ടാക്കുന്ന ഗുരുതര തകരാറും മെക്കാനിക്കുകൾ നേരിടുന്ന പ്രയാസവും ഏറുകയാണ്.
എഥനോൾ 20 ശതമാനം കലർത്തിയ ഇ20 പെട്രോളിന്റെ ഉപയോഗം മൂലം ഇരുചക്ര വാഹനങ്ങൾക്ക് ഗുരുതര സാങ്കേതിക തകരാറുകൾ വ്യാപകമായ ജനരോഷത്തിനും കടുത്ത സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നു. ബി.എസ്-4, ബി.എസ്-5 വിഭാഗങ്ങളിൽപ്പെടുന്ന ഇരുചക്ര വാഹനങ്ങൾക്കാണ് പ്രശ്നം രൂക്ഷം. ഉയർന്ന എഥനോൾ സാന്നിദ്ധ്യം കാരണം കാർബറേറ്ററിനുള്ളിൽ ഈർപ്പവും പൊടിപടലങ്ങളും അടിഞ്ഞുകൂടുകയും ലോഹഭാഗങ്ങൾ ദ്രവിച്ചുപോകുകയും ചെയ്യുന്നത് വാഹനങ്ങളെ തകരാറിലാക്കുന്നു.
പ്രധാന തകരാറുകൾ
സ്റ്റാർട്ട് ചെയ്യാൻ പ്രയാസം
ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് നിന്നുപോവുക
പെട്രോൾ ഓവർഫ്ലോ ഉണ്ടാകുക
മൈലേജിലും പുള്ളിംഗിലും വൻതോതിൽ കുറവ് അനുഭവപ്പെടുക
കാർബറേറ്ററുകൾക്കും വിലയേറുന്നു
കൊച്ചിയിലടക്കം ദിനംപ്രതി ആറിലധികം വാഹനങ്ങളാണ് ഇത്തരത്തിൽ കാർബറേറ്റർ തകരാറുകളുമായി വർക്ക്‌ഷോപ്പുകളിൽ എത്തുന്നത്. ആവശ്യക്കാരേറിയതോടെ വിപണിയിൽ കാർബറേറ്ററുകളുടെ വിലയിലും വൻവർദ്ധനവുണ്ടായി. സ്കൂട്ടറുകൾക്ക് 600 രൂപയും വിവിധ സി.സി ബൈക്കുകൾക്ക് 2,650 രൂപ മുതലും വില വർദ്ധിച്ചു.
തകരാറുകൾ വീണ്ടും
ഒരിക്കൽ തകരാർ പരിഹരിച്ച വാഹനങ്ങൾ അതേ പ്രശ്നങ്ങളോടെ വീണ്ടുമെത്തുന്നതോടെ വർക്ക്‌ഷോപ്പ് ഉടമകളും ഉപഭോക്താക്കളും തമ്മിൽ കടുത്ത തർക്കങ്ങൾ ഉണ്ടാകുന്നുണ്ട്. അനാവശ്യമായി പണം വാങ്ങിയെന്നാരോപിച്ച് ഉപഭോക്താക്കൾ എത്തുന്നതോടെ പലപ്പോഴും സൗജന്യമായി പണിചെയ്തു കൊടുക്കേണ്ട ഗതികേടിലാണ് വർക്ക്‌ഷോപ്പ് ജീവനക്കാർ. ഈ സാഹചര്യത്തിൽ സർക്കാരിന്റെയും എണ്ണക്കമ്പനികളുടെയും അടിയന്തരപരിഹാരം ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരള.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |