SignIn
Kerala Kaumudi Online
Monday, 24 August 2026 1.25 AM IST

മുന്തിരിക്കൊത്ത് മുതൽ 9തരം മീൻകറി വരെ പഴമയുടെ രുചിക്കൂട്ടൊരുക്കി മുളന്തുരുത്തി മാർത്തോമൻ പള്ളി

j

150ലേറെ വിഭവങ്ങളുമായി ഹെറിറ്റേജ് ഫുഡ് ഫെസ്റ്റ്

മുളന്തുരുത്തി: മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള പാചക ഉപകരണങ്ങളും 150ലേറെ നാടൻ വിഭവങ്ങളും അണിനിരത്തി ഹെറിറ്റേജ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. മന്ത്രി അനൂപ് ജേക്കബ് മേള ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി സുന്നഹദോസ്, മലങ്കര സഭയിലെ ആദ്യ മൂറോൻ കൂദാശ, പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാഭിഷേകം എന്നിവയുടെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് പൈതൃക പ്രദർശനവും ഭക്ഷ്യമേളയും ഒരുക്കിയത്. 27ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ വിളംബരം കൂടിയായി പരിപാടി മാറി.

ഇടവകയിലെ വീടുകളിൽ പാകം ചെയ്ത വിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. പഴയകാലത്തെ പലഹാരങ്ങൾ, കറികൾ, അച്ചാറുകൾ, പായസങ്ങൾ എന്നിവ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. വ്യത്യസ്തമായ ചമ്മന്തികൾ, ഒൻപത് തരം മീൻകറികൾ, 13 തരം കിഴങ്ങുവർഗ വിഭവങ്ങൾ, ഊരാളി ചേമ്പ്, ഒറോട്ടി, മുന്തിരിക്കൊത്ത്, വെട്ടുകേക്ക്, തഴുതാമ തോരൻ, മുതിരത്തോരൻ, ഇടിഞ്ചക്ക കൊണ്ടുള്ള അഞ്ച് വിഭവങ്ങൾ തുടങ്ങിയവ ശ്രദ്ധേയമായി. പ്രദർശിപ്പിച്ച വിഭവങ്ങൾ ഇടവകാംഗങ്ങൾ ലേലം വിളിച്ച് സ്വന്തമാക്കി.

ഫാ. ഈയോബ് ഒ.ഐ.സി ഒരുക്കിയ ചരിത്രപ്രദർശനവും മേളയുടെ ഭാഗമായി.

പള്ളിയുടെ നാടകശാലയിൽ ഒരുക്കിയ ഹെറിറ്റേജ് വാക്ക് വേ മലങ്കരസഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നാടിന് സമർപ്പിച്ചു. ഓണസദ്യ പോലും ഓൺലൈനാകുന്ന കാലത്ത് നാടിന്റെ തനത് രുചികൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ ഇത്തരം മേളകൾക്ക് കഴിയുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, വികാരി ഫാ. ജോബ് ഡേവിസ്, അസി. വികാരിമാരായ ഫാ. സഞ്ജയ് ഏലിയാസ്, ഫാ. സജോ തോമസ്, ഫാ. അലക്സ് പി. ജോർജ്, ഫാ. കെ.ടി. ഏലിയാസ്, ഫാ. ഏബ്രഹാം എടമ്പാടം, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോളി പി. തോമസ്, ജിജി കൂമുള്ളിൽ, എബിൻ പൊന്നോടത്ത്, ജേക്കബ് താഴൂരത്ത് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL