SignIn
Kerala Kaumudi Online
Friday, 21 August 2026 3.33 AM IST

ഓണപ്പൂവിളി ഉയർന്നു പൊള്ളുംവിലയിൽ പൂക്കളമൊരുക്കൽ

തൊടുപുഴ: അത്തംതുടങ്ങിയതുമുതൽ ജില്ലയിലെ പൂ വിപണിയിൽ കച്ചവടംപൊടിപൊടിക്കുകയാണ്. തിരുവോണത്തിനായി ഇനിയും അഞ്ചുദിനങ്ങൾ ഉണ്ടെങ്കിലും ഇന്നലെ വിപണിയിൽ തിരക്കേറിയദിനമായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഓണാഘോഷം നടക്കുന്നതിനാൽ വലിയ രീതിയിൽ ബുക്കിംഗ് നടക്കുന്നതാണ് തിരക്കിനുകാരണം. ക്ലാസ് അവസാനിച്ച് ഓണംവെക്കേഷൻ തുടങ്ങുമെന്നതിനാൽ ഇന്നും തിരക്കേറിയ ദിനമായിരിക്കും. തിരുവോണദിവസവും നല്ല കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. അത്തം മുതൽ തിരവോണംവരെ പൂക്കൾ വാങ്ങാനായി ആവശ്യക്കാരേറും. പൂക്കളം ഒരുക്കാനും വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും അലങ്കരിക്കാനുമാണ് പൂക്കൾ വാങ്ങുന്നത്. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ കർക്കിടകത്തിൽ തന്നെ ഓണാഘോഷത്തിനായുള്ള വിൽപ്പന ആരംഭിച്ചുഎന്നതും പ്രത്യേകതയാണ്. തേനി, കോയമ്പത്തൂർ, ഡിണ്ടിഗൽ, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ് പൂക്കളുടെ ഇറക്കുമതി. ഈ പൂക്കളെല്ലാം പ്രത്യേകസ്ഥലത്ത് സൂക്ഷിച്ചാണ് ഓരോദിവസത്തെയും കച്ചവടം.

 വില കുതിക്കുന്നു


ഓണത്തിനൊപ്പം ചിങ്ങത്തിലെ വിവാഹ സീസൺ കൂടികണക്കിലെടുത്ത് ഇപ്പോൾത്തന്നെ വിപണിയിൽ പൂവില ഉയർന്ന് കഴിഞ്ഞു. പല വർണങ്ങളിൽ നയനവിരുന്നൊരുക്കുന്ന പൂക്കൾക്ക് മനോഹാരിതഉണ്ടെങ്കിലും വില കേട്ടാൽ പൊള്ളുമെന്നുറപ്പാണ്. വിപണിയിൽ പ്രധാനമായും ബന്തി, വാടാമുല്ല, ബട്ടൺ റോസ്, വെള്ള ജമന്തി,അരളി,മുല്ല, താമര എന്നിവയാണുള്ളത്. പൂവിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവുന്നതാണ് വിലകൂടാൻ കാരണം. അവസരം മുതലെടുത്ത് പരമാവധി ലാഭം കൊയ്യാൻ അന്യസംസ്ഥാനങ്ങളിലെ ഇടനിലക്കാരും ശ്രമിക്കുന്നുമുണ്ട്.എന്നാൽ ഇവിടങ്ങളിലെ കർഷകരിൽനിന്നും കുറഞ്ഞ വിലയ്‌ക്കാണ് ഇവർ പൂക്കളെടുക്കുന്നത്. പറയുന്ന പണം ഓൺലൈൻ പേയ്മെന്റായി മുൻകൂർ നൽകിയാൽ മാത്രമേ ജില്ലയിലെ കച്ചവടക്കാ‌ർക്കും അയൽസംസ്ഥാനങ്ങളിൽ നിന്നും പൂവ് ലഭിക്കുകയുള്ളു. ഓരോദിവസവും വിലകൂടുന്ന അവസ്ഥയാണ്. നാടൻപൂവിന്റെ ഉത്പ്പാദനം കുറഞ്ഞതും വില ഉയരാൻ കാരണമാണ്.

 പൂ വില

ബന്തി - 170

വാടാമുല്ല - 180

ബട്ടൺ റോസ് - 420

വെള്ള ജമന്തി - 500

അരളി - 500

മുല്ല - 60 ( ഒരു മുഴം )

താമര - 60 ( ഒരെണ്ണം )

 ശരാശരി പ്രതിദിന കച്ചവടം - 300 കിലോ

 തിരുവോണക്കിറ്റും റെഡി

തിരുവോണത്തിന് പൂക്കൾ കിറ്റുകളായാണ് കൂടുതലും നൽകുക. 50 മുതൽ 500രൂപയുടെവരെ കിറ്റുകളുണ്ടാകും. വാങ്ങുന്ന കിറ്റിന് അനുസരിച്ച് എല്ലാത്തരം പൂക്കളും മിക്സ് ചെയ്തുനൽകുമെന്നതാണ് കിറ്റിന്റെ പ്രത്യേകത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL