തലശ്ശേരി ജില്ലാ കോടതി സമുച്ചയം ഉദ്ഘാടനം ചെയ്തു
തലശ്ശേരി: എത്രയും വേഗം നീതി ഉറപ്പാക്കുന്നതും സാധാരണക്കാരന് നീതി ലഭ്യമാക്കുന്നതുമായ ഇടങ്ങളായി ജുഡീഷ്യൽ സ്ഥാപനങ്ങൾ നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിലെ ജില്ലാ ജുഡീഷ്യൽ ആസ്ഥാനത്ത് പുതിയ കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അനന്തമായി കേസുകൾ നീണ്ടുപോകുന്നത് സാധാരണ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതി മാത്രം വിചാരിച്ചതുകൊണ്ട് കേസുകൾ വേഗത്തിൽ തീർപ്പാകണം എന്നില്ല. അതിനു പിന്നിൽ പല ഘടകങ്ങളുണ്ട്. വാദിയുടെയും പ്രതിയുടെയും വക്കീലന്മാർ തുടർച്ചയായി കേസ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടുന്നതും വേഗത കുറവിന്റെ പ്രധാന കാരണമാണ്. ന്യായാധിപന്മാരുടെ കുറവ് മറ്റൊരു കാരണമാണ്. ആധുനിക സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് സാദ്ധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ട്.
തലശ്ശേരി കോർട്ട് സെന്ററിൽ 14 കോടതികളാണ് പ്രവർത്തിച്ചുവരുന്നത്. കിഫ്ബി ഫണ്ട് വഴി 57 കോടി രൂപ ചെലവിലാണ് ബഹുനില മന്ദിരം നിർമ്മിച്ചിട്ടുള്ളത്. സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പുതിയ കോടതി സമുച്ചയത്തിലെ പത്ത് കോടതികളുടെ പ്രവർത്തനോദ്ഘാടനം മുഖ്യാതിഥിയായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ നിർവഹിച്ചു. അഡ്വ. എം.കെ. ദാമോദരൻ മെമ്മോറിയൽ ബാർ അസോസിയേഷൻ ഹാളിന്റെയും അഡ്വ. എം.കെ ഗോവിന്ദൻ നമ്പ്യാർ മെമ്മോറിയൽ ബാർ അസോസിയേഷൻ ലൈബ്രറിയുടെയും ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിർവഹിച്ചു. ഐ.ടി ട്രെയ്നിംഗ് ഹാൾ ഉദ്ഘാടനം ജസ്റ്റിസ് ടി.ആർ. രവിയും ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഓഫീസ് ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസും ജഡ്ജസ് ലൈബ്രറി ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസർ എടപ്പകത്തും നിർവഹിച്ചു. കോടതി മ്യൂസിയം ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിർവഹിച്ചു.
ഷാഫി പറമ്പിൽ എം.പി, ജില്ലാ ജഡ്ജ് കെ.ടി നിസാർ അഹമ്മദ്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബി. കരുണാകരൻ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എ സജീവൻ, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ജി.പി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |