തളിപ്പറമ്പ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തളിപ്പറമ്പിൽ പാർട്ടി ടീച്ചർമാരുടെ റോഡ് ഷോ. അദ്ധ്യാപികയായ തളിപ്പറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ശ്യാമളയ്ക്ക് വോട്ടഭ്യർത്ഥിച്ചായിരുന്നു ഇത്. സ്ഥാനാർത്ഥിക്കൊപ്പം 'കണ്ണൂരിലെ ടീച്ചർമാരായ' പേരാവൂർ മണ്ഡലം സ്ഥാനാർത്ഥി കെ.കെ ശൈലജയും,കേന്ദ്ര കമ്മിറ്റി അംഗം ശ്രീമതിയും ഒന്നിച്ചാണ് റോഡ് ഷോ നടത്തിയത്.
'പി.കെ ശ്യാമള ടീച്ചർക്ക് വോട്ട് ചെയ്യുക, മറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ' എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ടീഷർട്ടണിഞ്ഞ്, അരിവാൾ ചുറ്റിക നക്ഷത്രം പതിഞ്ഞ ചെമ്പതാകയുമേന്തി നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിൽ വനിതകൾ ടീച്ചർമാർക്ക് പിന്നിൽ അണിചേർന്നു.ചിറവക്കിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ബക്കളം, ധർമശാല, പറശ്ശിനിക്കടവ്, പാടിക്കുന്ന് എന്നിവിടങ്ങൾ പിന്നിട്ട് ചെക്യാട്ട് കാവിൽ സമാപിച്ചു. ചിറവക്കിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ, മണ്ഡലം സെക്രട്ടറി ടി.വി നാരായണൻ, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.വി ഗോപിനാഥ്, കൺവീനർ കെ. സന്തോഷ്, ടി. ബാലകൃഷ്ണൻ, കെ.സി ഹരികൃഷ്ണൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
തുടർന്ന് നേതാക്കളും പ്രവർത്തകരും പ്രകടനമായി മയ്യിൽ ടൗണിലെത്തി. ഡി.ജെ പാർട്ടി അകമ്പടിയോടെ ടൗൺ ചുറ്റിയ റോഡ് ഷോ മയ്യിൽ സി.ആർ.സിക്ക് മുൻപിൽ സമാപിച്ചു. പൊതുയോഗം പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |