
കാസർകോട്: നാടിന അഭിവൃദ്ധിക്കാകി അശ്വിനി ഗല്ലിസവേക്കു...- എടനീർ കളരി കോളനിയിലെ അമ്മമാർ കാസർകോട് നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനിയ്ക്കായി പറഞ്ഞ വാക്കുകളാണിത്. നാടിന്റെ ക്ഷേമത്തിന് അശ്വിനിയെ ജയിപ്പിക്കണമെന്ന് മലയാളം.
ഇന്നലെ രാവിലെ ചെങ്കള പഞ്ചായത്തിലെ എടനീരിൽ നിന്നായിരുന്നു സ്ഥാനാർത്ഥി പ്രചാരണം തുടങ്ങിയത്. കളരി കോളനിയിലെത്തിയപ്പോൾ അമ്മമാരും കുട്ടികളും പ്രായം ചെന്നവരുമടക്കമുള്ള വലിയൊരു സംഘം തന്നെ സ്ഥലത്തുണ്ട്. കന്നഡയിലും മലയാളത്തിലും തുളുവിലുമെല്ലാമായി സ്ഥാനാർത്ഥിയോട് ഇവരെല്ലാം സംസാരിച്ചു. കൂടെ ഉണ്ടാകുമെന്ന ഉറപ്പും സ്ഥാനാർത്ഥിക്ക് ഇവരിൽ നിന്ന് ലഭിച്ചു.എട്ടുമണിയോടെ എടനീരിലെത്തി മുതിർന്ന കർഷകൻ കപ്പണയിലെ കെ.കൃഷ്ണൻ നായരെ കണ്ട് അനുഗ്രഹം വാങ്ങി. പോസ്റ്റുമാൻ ശിവകുമാർ, സത്യൻ എന്നിവരേയും കുടുംബാഗങ്ങളേയും കണ്ട് നേരിട്ടുള്ള വോട്ടഭ്യർത്ഥന. ഇതിന് ശേഷം വയാർമൂല മക്കാക്കോടൻ തറവാട്ടിൽ ദർശനം നടത്തി. കൃഷ്ണൻ മണിയാണി, ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരെയും സന്ദർശിച്ചു.എടനീർ മഠത്തിലായിരുന്നു പ്രഭാത ഭക്ഷണം.
ഡോക്ടറേറ്റ് ലഭിച്ച സാമൂഹ്യപ്രവർത്തകൻ അബ്ദുള്ളകുഞ്ഞിയുടെ വീട്ടുകാരെയും മുതിർന്ന ബി.ജെ.പി നേതാവായിരുന്ന കെ.എം.ഹെർള മാസ്റ്റർ അടക്കമുള്ളവരെ കണ്ട് വോട്ടഭ്യർത്ഥിച്ചു. എടനീർ ടൗണിലെ കടകളിലും ഓട്ടോ ഡ്രൈവർമാരേയും കണ്ടും വോട്ടഭ്യർത്ഥിച്ചു. ഉത്സവം നടക്കുന്ന പൈക്ക പൂമാണി കിന്നിമാണി ക്ഷേത്രത്തിലും അശ്വിനി ദർശനം നടത്തി. ഉച്ചയ്ക്ക് എടനീരിലെ സുരേന്ദ്രന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. തുടർന്ന് ബദിയടുക്ക പഞ്ചായത്തിലായിരുന്നു പര്യടനം.
യുവമോർച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ എം.പി പങ്കെടുത്ത റോഡ് ഷോയിലും അശ്വിനി പങ്കെടുത്തു.രാത്രി വിവിധ യോഗങ്ങളിലായിരുന്നു സ്ഥാനാർത്ഥി. ബി.ജെ.പി ജില്ലാ സെൽകോഡിനേറ്റർ സുകുമാർ കുദ്രെപാടി, മീഡിയ കൺവീനർ വൈ.കൃഷ്ണദാസ്, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രാഭാകരൻ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് മധുസൂദനൻ കെമ്മംകയ, പഞ്ചായത്ത് സെക്രട്ടറി ഉമേശൻ, മണികണ്ഠൻ, ദിനേശൻ, ശേഷപ്പ നായക്, പ്രശാന്ത് കുമാർ, ശ്രേയസ് തുടങ്ങിയവരും സ്ഥാനാർത്ഥിയെ അനുഗമിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |