180 പേർക്ക് റൂറലിലും 25 പേർക്ക് സിറ്റിയിലും സ്ഥലംമാറ്റം
കണ്ണൂർ: ഒരു പതിറ്റാണ്ടിന് ശേഷം കണ്ണൂർ ജില്ലയിലെ പൊലീസ് സംവിധാനത്തിൽ സമഗ്ര അഴിച്ചുപണിക്ക് തുടക്കം. കണ്ണൂർ റൂറൽ ജില്ലയിൽ 180 പൊലീസുകാരെയും സിറ്റി പൊലീസിൽ ആദ്യഘട്ടമായി 25 ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. സി.പി.ഒ മുതൽ ഗ്രേഡ് എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥരെ ഉൾക്കൊള്ളുന്ന മാറ്റങ്ങൾ ഇതിന്റെ ഭാഗമാണ്. സിറ്റിയിലെ കൂടുതൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.
സ്‌പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, റൈറ്റർ, പി.ആർ.ഒ, എസ്.പി, ഡിവൈ.എസ്.പി ഓഫീസുകളിലെ ദീർഘകാല നിയമനങ്ങൾ ഉൾപ്പെടെ നിർണായക തസ്തികകളിൽ വ്യാപകമായ പുനഃക്രമീകരണമാണ് നടക്കുന്നത്. പത്ത് വർഷത്തിലേറെയായി എസ്.പി, ഡിവൈ.എസ്.പി ഓഫീസുകളിൽ യൂണിഫോം ഡ്യൂട്ടിക്ക് പുറത്തായി വിവിധ ഓഫീസ് ചുമതലകളിൽ തുടരുന്ന ജീവനക്കാരെയും ഫീൽഡ് ഡ്യൂട്ടികളിലേക്ക് മാറ്റുന്നതിനാണ് തീരുമാനം.
ഇപ്പോഴത്തെ ഉത്തരവ് ആദ്യഘട്ടം മാത്രമാണെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നുള്ള വിവരം. സ്‌പെഷ്യൽ ബ്രാഞ്ച്, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്, ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസ്, റിസർവ് ക്യാമ്പ്, ട്രാഫിക്, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങൾ എന്നിവിടങ്ങളിലെ കൂടുതൽ ഉദ്യോഗസ്ഥരുടെ പുനഃക്രമീകരണവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഇതിലൂടെ ജില്ലയിലെ പൊലീസ് സംവിധാനത്തിൽ പുതിയ ഭരണക്രമം രൂപപ്പെടും.
മാറ്റം വൈകിയെന്ന വിമർശനം
സംസ്ഥാനത്ത് ഭരണമാറ്റം നടന്നിട്ടും ജില്ലയിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള സുപ്രധാന തസ്തികകളിൽ ദീർഘകാലമായി തുടരുന്ന ഉദ്യോഗസ്ഥരെ മാറ്റാത്തതിൽ ഭരണകക്ഷി അനുകൂല പൊലീസ് വൃത്തങ്ങളിൽ അസംതൃപ്തി നിലനിന്നിരുന്നു. രഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട വിഭാഗങ്ങളിലും നിർണായക ഓഫീസ് തസ്തികകളിലും ദീർഘകാല നിയമനങ്ങൾ തുടരുന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിന് പരാതികൾ ലഭിച്ചിരുന്നുവെന്നും സൂചനകളുണ്ട്. പൊലീസിലെ സ്ഥലംമാറ്റം വൈകുന്നതിൽ അസംതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞയാഴ്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ആഭ്യന്തര വകുപ്പ് മന്ത്രിയെ നേരിൽകണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു.
'രഹസ്യവിവര ചോർച്ച' ആരോപണവും
സ്‌പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളിലെ കഴിഞ്ഞ സർക്കാരിന്റെ രാഷ്ട്രീയ നിയമനങ്ങൾ കാരണം പൊലീസ് വിവരങ്ങൾ പുറത്തേക്ക് ചോരുന്ന സാഹചര്യമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില നിയമസമാധാന വിഷയങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് പ്രവർത്തനരീതിക്കെതിരെ ഭരണപക്ഷ വൃത്തങ്ങളിൽ വിമർശനം ശക്തമായിരുന്നു. അടുത്തിടെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് നടത്തിയ ഡി.വൈ.എഫ്.ഐ മാർച്ചിനിടെ സമരക്കാരെ കോളേജ് ഗേറ്റിൽ തടയാതെ സുപ്രണ്ടിന്റെ ഓഫീസ് വരെ എത്താൻ അനുവദിച്ച പൊലീസ് നടപടിയെക്കുറിച്ചും ചർച്ചയുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |