SignIn
Kerala Kaumudi Online
Thursday, 23 July 2026 4.09 AM IST

സർക്കാറിന്റെ കനിവുകാത്ത് കൈത്തറി തൊഴിലാളികൾ

hand
കൈത്തറി തൊഴിലാളികൾ

കണ്ണൂർ: പുതിയ സർക്കാറിന്റെ കനിവും കാത്ത് കൈത്തറി മേഖലയിലെ തൊഴിലാളികൾ. നിലവിൽ എട്ട് മാസത്തെ ശമ്പളമാണ് തൊഴിലാളികൾക്ക് കുടിശ്ശികയായിട്ടുള്ളത്. മിക്ക ജീവനക്കാരും ജീവിതം മുന്നോട്ടുകൊണ്ടു പോകാൻ നെട്ടോട്ടമോടുകയാണ്.

കൈത്തറി സംഘങ്ങൾക്ക് കീഴിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി യൂണിഫോം ഉത്പ്പാദിപ്പിക്കുന്ന തൊഴിലാളികൾക്കാണ് കഴിഞ്ഞ നവംബർ മുതലുള്ള കൂലി ലഭിക്കാനുള്ളത്.

നിലവിൽ തൊഴിലാളികൾ മറ്റ് ജോലികൾ അന്വേഷിക്കുന്ന സ്ഥിതിയാണ്. ഇപ്പോൾ ജോലി ചെയ്യുന്ന തൊഴിലാളികൾ ഉച്ചവരെ കൈത്തറി സംഘത്തിലും ഉച്ചയ്ക്ക് ശേഷം മറ്റ് ജോലിക്കും പോയാണ് ജീവിക്കുന്നത്. ഷർട്ട് ഒരു മീറ്ററിന് 56.98 രൂപയും സ്യൂട്ടിന് 68.53 രൂപയുമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. ദിനംപ്രതി അഞ്ചു മുതൽ ഏഴ് മീറ്റർ വരെ തൊഴിലാളികൾ നെയ്തെടുക്കും. നൂലിന്റെ ലഭ്യത കുറവും മേഖലയ്ക്ക് തിരിച്ചടിയാണ്. നിലവിലെ പ്രതിസന്ധി ഓണം വിപണിയെയും സാരമായി ബാധിക്കും.

പുതിയ സർക്കാർ അധികാരമേറ്റതോടെ ജീവനക്കാരും തൊഴിലളികളും ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ തിരിച്ചടിയായിരുന്നു ഫലം. യു.ഡി.എഫ് സർക്കാർ 70 കോടി രൂപ കൈത്തറി സംഘങ്ങൾക്ക് അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. ഇതിൽ 45 കോടി യൂനിഫോം പദ്ധതിക്ക് നൽകണമെന്നാണ് നിർദേശം. എന്നാൽ പിന്നീട് ഈ ഫണ്ട് പാസാകാതെ പിൻവലിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

എന്നാൽ കുടിശ്ശികയുണ്ടാകുമ്പോഴും തൊഴിലാളികൾ കൃത്യമായി യൂണിഫോം നെയ്ത് സർക്കാ‌രിന് നൽകുന്നുണ്ട്. 2017 മുതലാണ് സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികൾക്ക് സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി ആരംഭിച്ചത്.

11 കോടി രൂപ കുടിശിക

ജില്ലയിൽ 32 കൈത്തറി സൊസൈറ്റികളിലായി 5000നടുത്ത് തൊഴിലാളികൾ നിലവിൽ ജോലി ചെയ്യുന്നുണ്ട്. യൂനിഫോം ഉത്പാദിപ്പിച്ച വകയിൽ 11 കോടിയോളം രൂപയാണ് ജില്ലയിൽ കുടിശികയുള്ളത്. 2019 ഏപ്രിൽ മുതൽ തൊഴിലാളികൾക്ക് പ്രൊഡക്ഷൻ ഇൻസെന്റീവും ലഭിക്കാനുണ്ട്. 2021-2025 വരെയുള്ള സാമ്പത്തിക വർഷ കാലയളവിൽ മാത്രം പദ്ധതിയുടെ ഭാഗമായുള്ള ഡൈയിംഗ് ചാർജിനത്തിൽ 3.82 കോടി രൂപയും ട്രാൻസ്പോർട്ടേഷൻ ഇനത്തിൽ 47 ലക്ഷം രൂപയും കുടിശികയായുണ്ട്.

സഹകരണ സംഘങ്ങൾക്കും പ്രതിസന്ധി
സഹകരണ സംഘം ഉത്പ്പാദിപ്പിക്കുന്ന തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി നൽകേണ്ടതുണ്ട്. യൂനിഫോം ഉത്പാദിപ്പിച്ചതിന്റെ ജി.എസ്.ടി ഉപഭോക്താവായ സർക്കാരാണ് നൽകേണ്ടത്. എന്നാൽ 2017-18 മുതൽ കൈത്തറി സംഘങ്ങളാണ് ഈ ജി.എസ്.ടിയും നൽകുന്നത്. ഇത് സംഘങ്ങൾക്ക് വലിയ ബാദ്ധ്യതയാണുണ്ടാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, HANDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL