കണ്ണൂർ: കണ്ടൽക്കാടുകളെ മാലിന്യ മുക്തമാക്കാൻ കണ്ടൽക്കാടുകൾക്കിടയിൽ നിന്നും തേൻ എന്ന ആശയവുമായി കണ്ണൂർ ഇടച്ചേരിയിലെ അദ്വൈത് രഞ്ജിത്ത്. തണ്ണീർത്തട ദിനത്തിൽ വളപട്ടണം കണ്ടൽതീരത്തെത്തിയ അദ്വൈത് രഞ്ജിത്ത് കണ്ടൽ വ്യാപകമായി നശിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരമൊരു ആശയത്തിലേക്കെത്തിയത്.
വളപട്ടണം, പാപ്പിനിശേരി ഭാഗങ്ങളിലെ കണ്ടൽ ശേഖരങ്ങൾ ശ്വസിക്കാനാവാത്തവിധം പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിൽ മുങ്ങിയതാണ് ബോട്ടണി ബിരുദ വിദ്യാർത്ഥി കൂടിയായ അദ്വൈതിനെ അസ്വസ്ഥനാക്കിയത്. ആളുകളെ ഇതിൽ നിന്ന് എങ്ങിനെ മാറ്റി ചിന്തിപ്പിക്കാം എന്ന അന്വേഷണമാണ് കണ്ടലിൽ നിന്നും തേൻ എന്ന ആശയത്തിലേക്കെത്തിച്ചത്.
വൈകാതെ പാപ്പിനിശേരി എം.വി.ആർ ഇൻസ്റ്റിറ്റ്യൂട്ടിലെ തന്റെ സഹപാഠികളായ സി.എസ്. അർച്ചന, ആശ്രയ എന്നിവരുമായി ആശയം പങ്കുവെച്ചു. പരീക്ഷണം വിജയിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു ഇരുവർക്കും. എന്നാൽ അദ്ധ്യാപകരായ കെ. ഗീതാനന്ദനും അനുശ്രീയും പിന്തുണയുമായി ഒന്നിച്ചു നിന്നതോടെ പ്രൊജക്ട് ലക്ഷ്യത്തിലേക്ക് നീങ്ങി. അതിനിടെ ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടായ പശ്ചിമ ബംഗാളിലെ സുന്ദർബൻസിൽ നിന്ന് ആദിവാസികൾ തേൻ ശേഖരിച്ചിരുന്നതായുള്ള കണ്ടെത്തൽ അദ്വൈതിൽ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു.
നിലവിൽ തേൻ ശേഖരിക്കുന്നതിനോടൊപ്പം കണ്ടൽ ശേഖരങ്ങൾക്ക് ശ്വാസം കിട്ടുന്ന വിധത്തിൽ മാലിന്യത്തിൽ നിന്ന് മുക്തമായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും.
10,000 രൂപയുമായി തുടക്കം
പാപ്പിനിശേരി പഞ്ചായത്തിന് കീഴിലുള്ള ബയോഡൈവേഴ്‌സിറ്റി ക്ലബ്ബ് നൽകിയ 10,000 രൂപയുമായാണ് പദ്ധതിക്ക് തുടക്കം. വളപട്ടണത്തെ കണ്ടൽ കാടുകളിൽ രണ്ട് ബോക്‌സുകൾ സ്ഥാപിച്ചു. കുറുമാത്തൂർ ഹണി ഇനോവേറ്റീവ്‌സിലെ ജലീൽ കൂട് സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങൾ നൽകി. ബോക്‌സുകൾ സ്ഥാപിച്ച് 45 ദിവസത്തിനുള്ളിൽ ഉപ്പൂറ്റി കണ്ടലിൽ നിന്ന് ഒരു കിലോ തേൻ ശേഖരിക്കാനായി. പദ്ധതി വിജയിച്ചതോടെ വെള്ളിക്കീൽ കണ്ടൽ മേഖലയിലും ബോക്‌സുകൾ സ്ഥാപിച്ച് തേൻ ശേഖരണം തുടങ്ങി.
ഔഷധ ഗുണങ്ങൾ കൂടുതൽ
സാധാരണ തേനിനേക്കാൾ ഔഷധ ഗുണങ്ങൾ കണ്ടൽ തേനിൽ കൂടുതലായി കാണപ്പെടുന്നു. ആന്റി ഓക്‌സിഡന്റും രണ്ടു മൂന്ന് മടങ്ങ് കൂടുതലാണ്. പ്രമേഹ രോഗികൾക്ക് വളരെ ചെറിയ അളവിൽ കഴിക്കുന്നത് ഗുണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |