കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നു. ഭരണമാറ്റത്തെ തുടർന്നുള്ള യൂണിയൻ പോരുകളും ആശുപത്രിയുടെ പരിമിതികളും പരാതിക്കിടയാക്കുമ്പോഴാണ് അധികൃതരുടെ അനാസ്ഥ.
മെഡിക്കൽ കോളേജിലെ ഏഴാമത്തേയും എട്ടാമത്തേയും നിലകളിലാണ് നടക്കാൻ പോലും കഴിയാത്ത വിധത്തിൽ മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നത്. സംഭരണ സംവിധാനത്തിന്റെ അഭാവവും മരുന്നുകൾ കൃത്യമായി വിതരണം ചെയ്യാത്തതുമാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് ആക്ഷേപം. സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മരുന്നുകളാണ് രോഗികൾക്ക് ഉപകാരപ്പെടാതെ പോകുന്നത്.
രോഗികളെ സ്‌ട്രെച്ചറിലും വീൽചെയറിലും കൊണ്ടുപോകാൻ തടസമാകുന്ന വിധത്തിലാണ് മരുന്നുപെട്ടികൾ കൂട്ടിയിട്ടിരിക്കുന്നത്. നിലവിൽ മെഡിക്കൽ കോളേജിലെ ഇ.എൻ.ടി, നേത്രം, ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, കാൻസർ വാർഡുകൾ തുടങ്ങിയവയ്ക്ക് മുന്നിലും മറ്റ് വൃത്തിഹീനമായ സ്ഥലത്തും മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നതു കാണാം. ഇൻജക്ഷനും നെബുലൈസർ സൊല്യൂഷനും പാരസെറ്റമോളും തുടങ്ങി പി.പി.ഇ കിറ്റുകൾ വരെ വലിയ ബോക്സുകളിൽ കാണാം. കെ.എം എസ്.സി.എൽ നൽകിയ കോടികൾ വില വരുന്ന മരുന്നുകളാണ് കെട്ടിക്കിടന്ന് നശിക്കുന്നത്. കാലാവധി കഴിഞ്ഞതും കഴിയാത്തതുമായ മരുന്നുകൾ ഇക്കൂട്ടത്തിലുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകൾ നീക്കം ചെയ്യാനും അധികൃതർ തയ്യാറാകുന്നില്ല. കഴിഞ്ഞദിവസങ്ങളിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി ലഭിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
ഇതിന് പുറമെ ഭരണമാറ്റത്തെത്തുടർന്നുള്ള കൂട്ട പിരിച്ചുവിടലുകൾ, പുതിയ നിയമനങ്ങൾ, ഭരണാനുകൂല ഇന്റേണൽ സ്ഥലംമാറ്റങ്ങൾ എന്നിങ്ങനെയുള്ള പരാതികളും ഉയരുന്നുണ്ട്. അടുത്തിടെ എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾ ശിശുരോഗ വിഭാഗം ഒ.പിയിൽ അതിക്രമിച്ചുകയറി വനിതാ ഡോക്ടറായ ഡോ. കെ.വി രാധാമണിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഡോക്ടർ കുഴഞ്ഞുവീണ സംഭവത്തിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പരിമിതികൾക്കിടയിൽ വലഞ്ഞ് രോഗികൾ
നിലവിൽ അത്യാഹിത വിഭാഗത്തിലും വാർഡുകളിലും ബെഡുകൾ ലഭിക്കാതെ നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ദുരിതത്തിലാകുന്നത്. വാർഡുകളിലെ ശുചിമുറി വൃത്തിഹീനമായി കിടക്കുന്നത് ചികിത്സയിലുള്ള രോഗികൾക്ക് വീണ്ടും അണുബാധയുണ്ടാകാൻ കാരണമാകുന്നുവെന്ന് ആക്ഷേപമുണ്ട്. ചില വിഭാഗങ്ങളിൽ നിശ്ചിത സമയങ്ങളിൽ ഡോക്ടർമാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുമുയരുന്നുണ്ട്. പുതിയ മെഡിക്കൽ സൂപ്രണ്ടിന്റെ നയങ്ങളും ഭരണപരമായ ഇടപെടലുകളും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം സങ്കീർണ്ണമാക്കുന്നുവെന്നും ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |