
പഴയങ്ങാടി: മാടായിപ്പാറയിലെ അനധികൃത കൈയേറ്റങ്ങൾ തടയുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായി മാടായി ശ്രീ വടുകുന്ദ ശിവക്ഷേത്രത്തിന് മുൻവശത്തുകൂടിയുള്ള പ്രധാന വഴി ദേവസ്വം അധികൃതർ അടച്ചു. ഇന്നലെ രാവിലെ റോഡിന്റെ പ്രവേശന ഭാഗത്ത് കല്ലുകൾ കൂട്ടിയിട്ടാണ് ഗതാഗതം തടഞ്ഞത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമീപത്തെ പാർക്കിലേക്കുൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോയിരുന്നു. ഇതിനെതിരെ പ്രതിഷേധവും ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ദേവസ്വം അധികൃതർ നിയന്ത്രണമേർപ്പെടുത്താൻ നടപടി സ്വീകരിച്ചത്.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പഴയങ്ങാടി പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി. ഇതിനിടെ പൊലീസും ദേവസ്വം അധികൃതരും തമ്മിലും വാക്കേറ്റമുണ്ടായി.മാടായിപ്പാറയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്രത്തിന്റെ മുൻവശത്തുകൂടിയുള്ള പഴയ വഴി അടച്ചതെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സുഗമമായി എത്തിച്ചേരുന്നതിനായി മറ്റൊരു വഴി ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.ചിറക്കൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വേണു, സുരേഷ് വർമ്മ, ലൈസൺ ഓഫീസർ കെ.സി ഗണേശൻ എന്നിവരുടെ നേതൃത്വത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |