കാസർകോട്: ലഹരി മാഫിയയുമായി ചർച്ചയ്ക്കില്ലെന്നും മാഫിയയുടെ ഉന്മൂല നാശം മാത്രമാണ് ലക്ഷ്യമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കാസർകോട് ജില്ലയിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ ജാഗരൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കാസർകോടിന്റെ മണ്ണിൽ ലഹരി അനുവദിക്കില്ല. സംസ്ഥാന അതിർത്തികളിൽ തൂഫാൻ സേനയെ വിന്യസിച്ചിട്ടുണ്ട്. ലഹരി മാഫിയയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കാപ്പ ചുമത്തുകയും സ്വത്തുക്കൾ കണ്ടു കെട്ടുകയും ചെയ്യും. മയക്കുമരുന്നിനെതിരെ കാഞ്ഞങ്ങാട് കഴിഞ്ഞവർഷം പരിപാടി സംഘടിപ്പിച്ചിരുന്നു. കോരിച്ചൊരിയുന്ന മഴയിലും അന്ന് ആയിരങ്ങൾ പങ്കെടുത്തു. അന്നേ തീരുമാനിച്ചതാണ് 14 ജില്ലകളിലും ലഹരി മാഫിയയ്‌ക്കെതിരെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ലഹരി മാഫിയുടെ വേരറുക്കുമെന്നും. അങ്ങനെ ഒരു അവസരം സർക്കാർ അധികാരത്തിൽ വന്ന്, ഓപ്പറേഷൻ തൂഫാനിലൂടെ കൈവന്നിരിക്കുകയാണ്.
ഓപ്പറേഷൻ തൂഫാനെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് അമ്മമാരാണ്. അമ്മമാർ ദിവസേന അയയ്ക്കുന്ന കത്തുകളിലൂടെയും ഫോൺവിളികളിലൂടെയും ഫോൺ സന്ദേശങ്ങളിലൂടെയും ഇത് മനസ്സിലാക്കാനാകും. ലോകത്തെ ഒരു മാഫിയ സംഘങ്ങളും സ്വന്തമായി മാരക ലഹരി ഉപയോഗിക്കാറില്ല. സ്വന്തം വീട്ടിൽ ലഹരി ഉപയോഗിക്കാതെ മറ്റുള്ളവർക്ക് നൽകി, അവരുടെ ഭാവി നശിപ്പിച്ചു കോടീശ്വരന്മാർ ആകുകയാണ് പല മയക്കുമരുന്ന് കച്ചവടക്കാരും. ഇത് സമൂഹം തിരിച്ചറിയണമെന്ന് ചെന്നിത്തല പറഞ്ഞു.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. കല്ലട്ര മാഹിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി കെ. കാർത്തിക് തൂഫാൻ സന്ദേശം നൽകി. എം.എൽ.എമാരായ എ.കെ.എം അഷ്റഫ്, അഡ്വക്കറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ, സന്ദീപ് വാര്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജാക്കോട് എന്നിവർ സംസാരിച്ചു. ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജ് സ്വാഗതവും അഡീഷണൽ എസ്.പി ആർ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |