മൊബൈൽ ടവർ ലൊക്കേഷൻ മൈസൂരിൽ
കാഞ്ഞങ്ങാട്: രാജപുരം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള കാസർകോട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫീസർ ബേളൂർ അട്ടേങ്ങാനം പോർക്കളം കപ്പണ സ്വദേശിയായ സാം സനലിനെ (27) കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സാം സനലിന്റെ പിതാവ് കെ.എം ചന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേരള പൊലീസ് ആക്ട് സെക്ഷൻ 57 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എഫ്.ഐ.ആർ പ്രകാരം, ആഗസ്റ്റ് 3ന് രാവിലെ 11 മണിയോടെ 'കാഞ്ഞങ്ങാട് പോയി വരാം' എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സാം സനൽ പിന്നീട് തിരിച്ചെത്തിയിട്ടില്ല. കുടുംബാംഗങ്ങൾ വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പിതാവ് അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കഴിഞ്ഞ ദിവസം മൈസൂർ ഭാഗത്തുനിന്നാണ് അവസാന സിഗ്നൽ ലഭിച്ചത്. എന്നാൽ വ്യാപകമായ പരിശോധന നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സംഭവത്തിൽ അമ്പലത്തറ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സാം സനലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അമ്പലത്തറ പൊലീസിലോ വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |