SignIn
Kerala Kaumudi Online
Wednesday, 22 April 2026 6.00 AM IST

ചാത്തന്നൂരിൽ ചാഞ്ചാട്ടം

Increase Font Size Decrease Font Size Print Page

കൊല്ലം: കൂടുതൽ തവണ ഇടതുപക്ഷമാണ് വിജയിച്ചതെങ്കിലും അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലൂടെ മൂന്ന് തവണ വലത്തോട്ട് ചരിഞ്ഞ ചരിത്രമാണ് ചാത്തന്നൂർ മണ്ഡലത്തിന്റേത്. എന്നാലിപ്പോൾ ഇരുമുന്നണികളെയും വിറപ്പിച്ച് ചാത്തന്നൂരിൽ ബി.ജെ.പിയും വേരുറപ്പിച്ചിട്ടുണ്ട്.

1965ൽ രൂപീകൃതമായ മണ്ഡലത്തിൽ ആദ്യ വിജയം സ്വതന്ത്രനൊപ്പമായിരുന്നു (തങ്കപ്പൻ പിള്ള). എന്നാൽ 1967 മുതൽ 87 വരെ സി.പി.ഐ മണ്ഡലത്തെ തങ്ങളുടെ ഉരുക്കുകോട്ടയായി സൂക്ഷിച്ചു. 1991ൽ മുൻ മന്ത്രി സി.വി.പത്മരാജനിലൂടെയാണ് കോൺഗ്രസ് ആദ്യമായി ചാത്തന്നൂരിൽ വിജയക്കൊടി പാറിച്ചത്.

തുടർന്ന് 1996ൽ സി.പി.ഐ മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും 2001ൽ ജി.പ്രതാപവർമ്മ തമ്പാനിലൂടെ യു.ഡി.എഫ് വീണ്ടും അട്ടിമറി വിജയം നേടി. വെറും 547 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് തമ്പാന്റെ വിജയം.

പരവൂർ നഗരസഭയും ചാത്തന്നൂർ, ചിറക്കര, കല്ലുവാതുക്കൽ, പൂതക്കുളം, ആദിച്ചനല്ലൂർ, പൂയപ്പള്ളി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. റോഡുകളുടെ ശോച്യാവസ്ഥ, കുടിവെള്ള ക്ഷാമം എന്നിവ ഇത്തവണ വോട്ടെടുപ്പിനെ സ്വാധീനിച്ചേക്കാം.​ പരമ്പരാഗത വോട്ടുകൾക്കപ്പുറം വികസനവും പ്രാദേശിക പ്രശ്നങ്ങളും മുൻനിറുത്തി വോട്ടർമാർ ചിന്തിച്ചാൽ ചാത്തന്നൂരിൽ ഇത്തവണ ശക്തമായ പോരാട്ടം അരങ്ങേറും.


ജയലാലിന്റെ ഹാട്രിക്കും

ബി.ജെ.പി മുന്നേറ്റവും
2011 മുതൽ ജി.എസ്.ജയലാലിലൂടെ സി.പി.ഐ മണ്ഡലത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി. തുടർച്ചയായ മൂന്ന് വിജയങ്ങൾ സ്വന്തമാക്കി. എന്നാൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന്റെ സൂചനയാണ് നൽകുന്നത്. 2016ലും 2021ലും കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പിയുടെ ബി.ബി.ഗോപകുമാർ രണ്ടാം സ്ഥാനത്തെത്തി. 2021ൽ വോട്ടുവിഹിതത്തിൽ ഏകദേശം ആറ് ശതമാനത്തിന്റെ വർദ്ധനവുണ്ടാക്കാൻ എൻ.ഡി.എയ്ക്ക് സാധിച്ചു. കേരളത്തിൽ ബി.ജെ.പി ഏറ്റവും കൂടുതൽ വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് ചാത്തന്നൂർ.


ആർ.രാജേന്ദ്രൻ (എൽ.ഡി.എഫ്)
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. ​സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്. 1988ൽ കരീപ്ര പഞ്ചായത്ത് പ്രസിഡന്റായി. നിയമസഭയിലേക്ക് ആദ്യ മത്സരം. നിലവിൽ ഓയിൽപാം ഇന്ത്യ ലിമിറ്റഡ് ചെയർമാനാണ്. സാംസ്കാരിക - സേവന രംഗങ്ങളിൽ സജീവമാണ്.

ബി.ബി.ഗോപകുമാർ (ബി.ജെ.പി)

തുടർച്ചയായി മൂന്നാം തവണയാണ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്. 29 വർഷമായി എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2020 മുതൽ 2025 വരെ ബി.ജെ.പി കൊല്ലം ജില്ലാ പ്രസിഡന്റായി. നിലവിൽ തിരുവനന്തപുരം മേഖലാ പ്രസിഡന്റാണ്. ചാത്തന്നൂർ പഞ്ചായത്ത് അംഗമായിരുന്നു. ദീർഘകാലം ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് സ്കൂളിൽ അദ്ധ്യാപകനും ഹെഡ്മാസ്റ്ററുമായിരുന്നു.

സൂരജ് രവി (യു.ഡി.എഫ്)

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് പ്രവേശിച്ച സൂരജ് രവി നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ഡി.സി.സി വൈസ് പ്രസിഡന്റ്, കെ.പി.സി.സി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് മത്സരിക്കുന്നത് ഇത് രണ്ടാം തവണ. പ്രമുഖ കോൺഗ്രസ് നേതാവും പത്രപ്രവർത്തകനുമായിരുന്ന പരേതനായ തോപ്പിൽ രവിയുടെയും റിട്ട.അദ്ധ്യാപിക അംബികാ ദേവിയുടെയും മകനാണ്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.