കരുനാഗപ്പള്ളി: ഗുണ്ടാ നേതാവ് അലുവ അതുലിനെ നടുറോഡിൽ വെട്ടിക്കൊന്ന കേസിൽ പിടിയിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച രാവിലെ കരുനാഗപ്പള്ളി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്കാണ് വിട്ടുകൊടുത്തത്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ അനീർ (വീരപ്പൻ, 32), കടത്തൂർ കരീപ്പള്ളി കിഴക്കതിൽ വിഷ്ണു (ബ്ലാക്ക്, 28), കടത്തൂർ വലിയത്ത് പടിഞ്ഞാറ്റതിൽ നൗഫൽ (മണ്ണെണ്ണ നൗഫൽ, 30), കടത്തൂർ കുന്നേൽ വടക്കതിൽ, ഹുസൈൻ (31), പുന്നക്കുളം കുറവൻ തറ കിഴക്കതിൽ മുഹമ്മദ് ആഷിക് (തോമ, 27), കുലശേഖരപുരം കൊച്ചുവീട്ടിൽ ഷംനാദ് (ശങ്കരാടി, 30) എന്നിവരെ കൂടാതെ സംഭവത്തിൽ പ്രതികൾക്ക് സഹായങ്ങളും മറ്റും ചെയ്തുനൽകിയ പുലിയൂർവഞ്ചി വടക്ക് റഹീം മൻസിലിൽ മുഹമ്മദ് ഫൈസൽ ഖാൻ (കഷണ്ടി ഫൈസൽ, 29), കടത്തൂർ ഫാത്തിമ മൻസിലിൽ അലി ഉമ്മർ (24), തേവലക്കര തടത്തിൽ വീട്ടിൽ ഷിനു പീറ്റർ (31), കുലശേഖരപുരം വീട്ടിൽ ആദിൽ മുഹമ്മദ് (21) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ശക്തമായ പൊലീസ് സുരക്ഷയോടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ കൊല്ലത്തെ കസ്റ്റോഡിയിൽ ഫെസിലിറ്റേഷൻ സെന്ററിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ കൃത്യം നടന്നതടക്കം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |