SignIn
Kerala Kaumudi Online
Friday, 26 June 2026 4.22 AM IST

സൈക്കി​ളി​ൽ ശ്രീലങ്ക ചുറ്റി​, നടന്നു നടന്ന് കേരളത്തി​ൽ

കൊല്ലം: 'നടത്തം ശീലമാക്കൂ, ജീവിതശൈലീ രോഗങ്ങൾ ഒഴിവാക്കൂ' എന്ന സന്ദേശവുമായി കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് കാൽനടയായി യാത്ര തിരിച്ച ഹയർ സെക്കൻഡറി ഹിസ്റ്ററി അദ്ധ്യാപകൻ അഭിലാഷ് പുത്തഞ്ചേരി 350ഓളം കിലോമീറ്റർ പിന്നിട്ട് കൊല്ലത്തെത്തി. കോഴിക്കോട് പുത്തഞ്ചേരി വടേക്കണ്ടി ഹൗസിൽ ചുമട്ടുതൊഴിലാളിയായ ആണ്ടിക്കുട്ടിയുടെയും വിലാസിനിയുടെയും മകനാണ് അഭിലാഷ് (44). സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് യാത്രയുടെ ചെലവുകൾ കണ്ടെത്തുന്നത്. യാത്രയ്ക്കിടയിൽ കൊല്ലം എസ്.എൻ കോളേജ് സന്ദർശിച്ച് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസും എടുത്തു.

തീരദേശ ഗ്രാമത്തിൽ വളർന്ന അഭിലാഷിന് അച്ഛനും മുത്തശ്ശനും പറഞ്ഞുതന്ന കഥകളിൽ നിന്നാണ് ചെറുപ്പത്തിലേ യാത്രാപ്രേമം തുടങ്ങിയത്. കഥകളിൽ കേട്ട ശ്രീലങ്കയിലേക്ക് മുൻപ് സൈക്കിളിൽ പര്യടനം നടത്തിയിട്ടുണ്ട്. 'സീറോ കാർബൺ, സീറോ കലാമിറ്റി' എന്ന സന്ദേശമുയർത്തി ശ്രീലങ്കയുടെ വടക്കേയറ്റം (പോയിന്റ് പെഡ്രോ) മുതൽ തെക്കേയറ്റം (ഡോൺഡ്ര മുനമ്പ്) വരെ ഒരു മാസം നീണ്ട യാത്രയാണ് അന്ന് നടത്തിയത്. 25 ദിവസവും അവിടുത്തെ ഗ്രാമങ്ങളിലാണ് താമസിച്ചത്. യാത്രാമദ്ധ്യേ ബോട്ടിന്റെ തകരാർ മൂലം 12 ദിവസം നാഗപട്ടണത്തെ ആശ്രമത്തിൽ കുടുങ്ങി. ലഹരിക്കെതിരെ കേരളത്തിലുടനീളവും കോഴിക്കോട് മുതൽ ധനുഷ്കോടി വരെയും മുൻപ് സൈക്കിൾ യാത്രകൾ നടത്തിയിട്ടുണ്ട്. 20 തവണ രക്തവും ക്യാൻസർ രോഗികൾക്കായി മുടിയും നൽകി മാതൃകയായിട്ടുണ്ട് അഭി​ലാഷ്.

കോഴിക്കോട് മുതൽ പൊന്നാനി വരെ തീരദേശ പാതകളാണ് തി​രഞ്ഞെടുത്തത്. ട്രോളിംഗ് നി​രോധന സീസൺ ആയതിനാൽ ഫ്രീയായിരുന്ന തീരദേശവാസികളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു. ദിവസവും 15 മുതൽ 30 കിലോമീറ്റർ നടക്കും. ഡീഹൈഡ്രേഷൻ ഒഴിവാക്കാൻ 5-6 ലിറ്റർ വെള്ളം കുടിക്കാറുണ്ട്. സുഹൃത്തുക്കളുടെ വീടുകൾ, ക്ലബുകൾ, വായനശാലകൾ എന്നിവടങ്ങളിലാണ് അന്തിയുറക്കം.

ഭംഗി​യുള്ള പ്രതി​സന്ധി​കൾ!

യാത്രകളിൽ പ്രതിസന്ധികൾ ഉണ്ടാകുന്നതാണ് അതിന്റെ ഭംഗി കൂട്ടുമെന്നാണ് അഭിലാഷിന്റെ പക്ഷം. ഈമാസം അവസാനത്തോടെ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കണ്ട് യാത്രാസന്ദേശം കൈമാറും. ജൂലായിൽ വീണ്ടും അദ്ധ്യാപന ജീവിതത്തിലേക്ക് മടങ്ങും. അടുത്ത ഓണം വെക്കേഷനിലാണ് പുതിയ യാത്ര. വിയറ്റ്നാം, കമ്പോഡിയ, ലാവോസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സൈക്കിൾ യാത്ര നടത്താനും തയ്യാറെടുക്കുന്നുണ്ട്. ശ്രീലങ്കൻ യാത്രാനുഭവങ്ങൾ പുസ്തകമാക്കാനുള്ള എഴുത്തും പുരോഗമി​ക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL