ജില്ലയിൽ മൊത്തം കെട്ടിക്കിടക്കുന്നത് 2.05 ലക്ഷം ഫയലുകൾ
കൊല്ലം: കളക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ കാൽക്കീഴിൽ കനിവുതേടി കാത്തുകിടക്കുന്നത് മുക്കാൽ ലക്ഷം ഫയലുകൾ. കഴിഞ്ഞ ദിവസം റവന്യു മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ അവതരിപ്പിച്ച കണക്ക് പ്രകാരം കളക്ടറേറ്റിന് പുറമേ കൊല്ലം, പുനലൂർ ആർ.ഡി.ഒ ഓഫീസുകൾ, ആറ് താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിലായി ആകെ 2.05 ലക്ഷം ഫയലുകളുണ്ട്. എന്നാൽ ഇതിൽ പകുതി മാത്രമേ തീർപ്പാകാനാകുള്ളൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
മൊാത്തം ഫയലുകളിൽ 1.02 ലക്ഷവും രണ്ട് വർഷത്തിലേറെ പഴക്കമുള്ളവയാണ്. കളക്ടറേറ്റിൽ തീർപ്പാകാതെ കിടക്കുന്ന 46,780 ഫയലുകൾക്ക് ഇത്രയുംതന്നെ പഴക്കമുണ്ട്. ഫയലുകൾ കൈകാര്യം ചെയ്യുന്ന ഇ ഓഫീസ് പോർട്ടലിൽ പെൻഡിംഗ് കാണിക്കുന്നവയിൽ പകുതിയോളവും യഥാർത്ഥത്തിൽ തീർപ്പായവയാണെന്നും അവ സാങ്കേതികമായി ക്ലോസ് ചെയ്യാത്തതിനാലാണ് പെൻഡിംഗായി കാണിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാലും കളക്ടറേറ്റ്, ആർ.ഡി.ഒ, താലൂക്ക് ഓഫീസുകളിലായി ഒരു ലക്ഷത്തിലേറെ ഫയലുകൾ തീർപ്പാകാൻ ബാക്കിയുണ്ടാകും.
ജില്ലയിൽ ആഴ്ചയിൽ മൂന്ന് ദിവസം ഓരോ വില്ലേജ് ഓഫീസിലെ വീതം ഫയലുകളുടെ തീർപ്പാക്കലിന്റെ വേഗം പരിശോധിക്കുന്നുണ്ട്. അതിന് പുറമേ പെട്ടെന്നുള്ള പരിശോധനകളും നടക്കുന്നുണ്ട്. എന്നിട്ടും ജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകൾ പലതും കുടുങ്ങിക്കിടക്കുകയാണ്. ചികിത്സാ സഹായം, പട്ടയം, ദുരിതാശ്വാസ സഹായം അടക്കം വർഷങ്ങളായുള്ള ദുരിതങ്ങളിൽ നിന്നു മോചനം തേടിയുള്ള ആയിരക്കണക്കിന് അപേക്ഷകളും കൂട്ടത്തിലുണ്ട്.
ഓഫീസ്, തീർപ്പാകാനുള്ള ആകെ ഫയലുകൾ, രണ്ട് വർഷത്തിലേറെ പഴക്കമുള്ളത്
കളക്ടറേറ്റ്: 74442, 46780
ആർ.ഡി.ഒ കൊല്ലം: 12083, 6100
ആർ.ഡി.ഒ പുനലൂർ: 8060, 2959
കൊട്ടാരക്കര താലൂക്ക്: 18835, 6145
കൊല്ലം താലൂക്ക്: 29266,13499
പുനലൂർ താലൂക്ക്: 12230, 5075
കരുനാഗപ്പള്ളി താലൂക്ക്: 35069,16136
കുന്നത്തൂർ താലൂക്ക്: 8033, 3070
പത്തനാപുരം താലൂക്ക്: 7021,2360
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |