SignIn
Kerala Kaumudi Online
Friday, 24 July 2026 3.48 AM IST

നാടിന്റെ കരുതലിൽ നന്ദു ജീവിതത്തിലേയ്ക്ക് മടങ്ങുന്നു

shishu-

കൊല്ലം: നാടിന്റെ ഹൃദയം കാവലായപ്പോൾ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തീകരിച്ച് നന്ദു ജീവിതത്തിലേക്ക് മടങ്ങിവരുന്നു.

നമ്മളാണ് നന്ദു, നന്ദുവിനായി കൈകോർക്കാം എന്ന സന്ദേശവുമായി ജില്ലാ ശിശുക്ഷേമ സമിതി ജനങ്ങളെ സമീപിച്ചാണ് കൊല്ലം മതിലിൽ വീട്ടിൽ വിജയകുമാർ - ധന്യ ദമ്പതികളുടെ ഏക മകന്റെ ചികിത്സയ്ക്കുള്ള തുക കണ്ടെത്തിയത്.

അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സമയ ക്രമം പാലിച്ചാണ് ഇപ്പോഴത്തെ പഠനം. തുടർച്ചയായുള്ള ഛർദ്ദിയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് രക്തർബുദമാണെന്ന് തിരിച്ചറിഞ്ഞത്. ആർ.സി.സിയിൽ ആവശ്യമായ 10 ലക്ഷം രൂപ അഞ്ചാലുംമൂട് സ്കൂളിലെ അദ്ധ്യാപകരും പി.ടി.എയും കുട്ടികളും ചേർന്നാണ് സമാഹരിച്ച് നൽകിയത്.

വിദഗ്ദ്ധ പരിശോധനയിൽ മജ്ജമാറ്റിവയ്ക്കണമെന്ന് നിർദേശിച്ചു. മൂന്ന് മാസത്തിനകം 50 ലക്ഷം രൂപയാണ് ഇതിനായി കണ്ടെത്തേണ്ടിയിരുന്നത്. ഒന്നര സെന്റിലെ താമസക്കാരനും കൂലിവേലക്കാരനുമായ വിജയകുമാറും ഭാര്യ ധന്യയും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവിനെ കണ്ട് സഹായം അഭ്യർത്ഥിച്ചു.
ജില്ലാ ശിശുക്ഷേമസമിതി ജില്ലാ ചെയർമാൻ കൂടിയായ അന്നത്തെ കളക്ടർ എൻ.ദേവിദാസിനെയും വിവരങ്ങൾ ധരിപ്പിച്ചു. തുടർന്ന് ജില്ലാ ശിശുക്ഷേമ സമിതി നന്ദുവിന്റെ ചികിത്സ ഏറ്റെടുത്ത് കാമ്പെയിൻ നടത്തുകയായിരുന്നു. നന്ദുവിന്റെ പിതാവ് വിജയകുമാറിന്റെ അക്കൗണ്ടിൽ ആദ്യം ലഭിച്ച തുക ഉപയോഗിച്ച് കോഴിക്കോട് എം.വി.ആർ സ്മാരക കാൻസർ സെന്ററിൽ ചികിത്സ തേടി.
തുടർന്ന് ജില്ലാ കളക്ടറും ശിശുക്ഷേമ സമിതി സെക്രട്ടറിയും അമൃത ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ 30 ലക്ഷം രൂപയ്ക്ക് മജ്ജമാറ്റിവയ്ക്കാൻ തയ്യാറായി. പിതാവിന്റെ മജ്ജ ഉപയോഗിക്കാമെന്നതിനാൽ വളരെ വേഗം ചികിത്സ പൂർത്തീകരിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയ നന്ദുവിനെ സമിതി ചെയർപേഴ്സണായ പുതിയ ജില്ലാ കളക്ടർ ആനി ജൂല തോമസ്, അഡ്വ. ഡി.ഷൈൻദേവ്, എക്സി. കമ്മിറ്റി അംഗങ്ങളായ കറവൂർ എൽ.വർഗീസ്, പി.അനീഷ്, ആർ.മനോജ് എന്നിവർ വീട്ടിലെത്തി സന്ദർശിച്ചു. നന്ദുവും രക്ഷിതാക്കളും എല്ലാവർക്കും നന്ദി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL