കൊല്ലം: കേസുകളിൽപ്പെട്ട് സ്റ്റേഷൻ പരിസരങ്ങളിൽ തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങളുടെ ഉടമകളെ തേടി പൊലീസ്. സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാക്കാൻ ആഭ്യന്തര വകുപ്പിന്റെ 'സ്പെയ്സ്'ന്റെ (സ്ക്രാപ് പ്രോസസിംഗ് ഫോർ ഏരിയ ക്ലീൻഅപ്പ് ആൻഡ് എൻഹാൻസ്‌മെന്റ്) ഭാഗമായി കൊല്ലം സിറ്റി പൊലീസ് പരിധിയിലെ 528 വാഹനങ്ങളുടെ ഉടമകളെ കണ്ടെത്താണ് നടപടി.
നിശ്ചിത കാലയളവിനുള്ളിൽ അവകാശികളെത്താത്ത വാഹനങ്ങൾ ലേലം ചെയ്യും. ഒഴിവാകുന്ന സ്ഥലങ്ങൾ വൃത്തിയാക്കി അടിസ്ഥാനസൗകര്യ വികസനം ഒരുക്കും. സിറ്റി പൊലീസ് പരിധിയിലെ 15 പൊലീസ് സ്റ്റേഷനുകളിലും ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലുമാണ് ഓപ്പറേഷൻ സ്പെയ്സ് പുരോഗമിക്കുന്നത്.
ശുചീകരണത്തിനൊപ്പം പെയിന്റിംഗ് ഉൾപ്പടെയുള്ളവയ്ക്കും തുക അനുവദിച്ചു. വർഷങ്ങളായി കെട്ടിക്കിടന്ന പേപ്പർ മാലിന്യങ്ങൾ നീക്കം ചെയ്ത് ഫയലുകൾ ക്രമീകരിച്ചു. പഴകിയ ഫർണിച്ചറുകൾ അറ്റകുറ്റപ്പണി നടത്തുന്ന ജോലികളും പുരോഗമിക്കുകയാണ്. അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് നേതൃത്വം നൽകുന്നത്.
ജൂലായിലെ കണക്കെടുപ്പിലാണ് വിവിധ സ്റ്റേഷനുകളിലായി 864 വാഹനങ്ങൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയത്. ഇതിൽ 528 വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. കോടതിയുടെ പരിഗണനയിലുള്ള വാഹനങ്ങളുടെ കാര്യത്തിൽ അനുമതി ലഭിച്ച ശേഷമാകും തുടർനടപടി. ആക്രിയായി വിറ്റ് ലഭിക്കുന്ന തുക സർക്കാർ ഖജനാവിൽ അടയ്ക്കും.
'വാഹനശ്മശാനം' ഒഴിപ്പിക്കും
പല സ്റ്റേഷനുകളിലും കൂടിക്കിടക്കുന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള വാഹനങ്ങൾ
കൊവിഡ് കാലത്തെ നവീകരണം ലക്ഷ്യത്തിലെത്തിയില്ല
വാഹനങ്ങളുള്ളത് സ്റ്റേഷൻ പരിസരങ്ങളിൽ
സ്ഥലപരിമിതിക്കും കാടുകയറുന്നതിനും കാരണമായി
ഇതിന് പരിഹാരം കാണുകയാണ് ഓപ്പറേഷൻ സ്പെയ്സ്
വാഹനങ്ങളുടെ എണ്ണം
ഇരുചക്ര വാഹനങ്ങൾ-503
ഓട്ടോറിക്ഷ-15
കാർ/വാൻ- 8
ടിപ്പർ, പിക്കപ്പ്-2
സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലതയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. ലേല നടപടികൾ പൂർത്തിയാകുന്നതോടെ സ്റ്റേഷൻ പരിസരത്ത് കൂടുതൽ സ്ഥലസൗകര്യം ലഭിക്കും.
ജെ.കെ.ദിനിൽ
അഡിഷണൽ എസ്.പി, കൊല്ലം സിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |