കണിച്ചാർ: ആറളം, കണിച്ചാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അണുങ്ങോട് ഇരുമ്പുപാലം തുരുമ്പെടുത്ത് നശിച്ച് അപകടാവസ്ഥയിലായിട്ട് വർഷങ്ങളായെങ്കിലും പുതിയ പാലം നിർമ്മിക്കാൻ നടപടിയില്ല. ആറളം ഫാമിലേക്കും തിരിച്ചും പോകുന്ന നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്നതാണ് ഈ പാലം. ഇരുമ്പിൽ നിർമ്മിച്ച പാലത്തിന്റെ എല്ലാ ഭാഗങ്ങളും തുരുമ്പുപിടിച്ച് ദുർബലമാണ്. മിക്കയിടങ്ങളിലും ഇരുമ്പ് പ്ലേറ്റുകൾ അഴിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. ആളുകൾ നടന്നുപോകുന്ന ഭാഗങ്ങളിൽ പ്ലാറ്റ്‌ഫോമിൽ പൊട്ടലുകളും കുഴികളും രൂപപ്പെട്ടിട്ടുണ്ട്. കൈപ്പിടികളും സുരക്ഷാ റെയിലുകളും തകർന്നു. നിലവിൽ ഒരു കാൽനട യാത്ര പോലും അസാദ്ധ്യമായ അവസ്ഥയിൽ അപകടാവസ്ഥയിലാണ് പാലം.
മഴ പെയ്ത് പുഴ നിറഞ്ഞാൽ പാലത്തിന്റെ സ്ഥിതി കൂടുതൽ അപകടകരമാകുമെന്ന് ജനങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് കണിച്ചാർ, ആറളം പഞ്ചായത്ത് അധികൃതർ പാലം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ട്രൈബൽ ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി നിലനിർത്താൻ സാധിക്കുമോയെന്ന് പരിശോധിക്കാനാണ് കണിച്ചാർ പഞ്ചായത്ത് അധികൃതർ പാലം സന്ദർശിച്ചത്. പാലം അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിക്കാൻ കഴിയാത്ത പക്ഷം പുതിയ പാലം നിർമിക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുമെന്ന് ആറളം പഞ്ചായത്ത് അധികൃതരും പറഞ്ഞിരുന്നു. ഇരു പഞ്ചായത്ത് അധികൃതരും സന്ദർശനം നടത്തി രണ്ടുമാസം കഴിഞ്ഞെങ്കിലും അപകടാവസ്ഥയിൽ ആയ പാലം അറ്റകുറ്റ പ്രവൃത്തി നടത്താനുള്ള നടപടി ഇനിയും ആരംഭിച്ചിട്ടില്ല എന്നാണ് പ്രദേശവാസികളുടെ പരാതി.
വന്നത് ഫ്ളക്സ് മാത്രം
പാലം അപകടാവസ്ഥയിലായതിനാൽ ഇതുവഴിയുള്ള യാത്ര നിരോധിച്ചിരിക്കുന്നുവെന്ന് ഫ്ളക്സ് ബോർഡ് പാലത്തിന്റെ ഇരുഭാഗങ്ങളിലും സ്ഥാപിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ആറളം പുനരിധിവാസ മേഖലയിലുള്ളവരും കീഴ്പ്പള്ളി ആറളം ഭാഗത്തേക്ക് പോകുന്നവരും ഏറെ പ്രയോജനപ്പെടുത്തുന്നതാണ് ഈ പാലം. മുന്നറിയിപ്പ് ബാനറുകൾ ഇരുഭാഗത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കാതെ ദ്രവിച്ചു തുടങ്ങിയ പാലത്തിലൂടെ സഞ്ചരിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ അപകടമാണെന്ന ആശങ്കയിലാണ് നാട്ടുകാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |