കൊല്ലം: കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നുവീണെങ്കിലും വീട്ടിലുണ്ടായിരുന്ന അമ്മയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7ന് കന്റോൺമെന്റ് സൗത്തിലെ പുതുവൽ പുരയിടത്തിൽ സി.ആർ.എ–53ൽ സബീനയുടെ വീടിന്റെ മുൻഭാഗമാണ് തകർന്നത്.
അപകടസമയത്ത് സബീന വീടിന് പുറത്തുനിന്ന് ചായ കുടിക്കുകയായിരുന്നു. മക്കളായ സെയ്ദലി (24), സുൽത്താന (21) എന്നിവർ വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്ന ഇരുവരും വീടിന്റെ പിൻവശത്തുകൂടി പുറത്തേക്കോടിയതിനാൽ രക്ഷപ്പെട്ടു.
മൂന്നര സെന്റ് സ്ഥലത്തെ വീടിന്റെ മുൻവശത്തെ ഇടനാഴിയും ചുമരിന്റെ ഭാഗങ്ങളും തകർന്നു. ടെലിവിഷൻ, അലമാര, കസേര, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾക്കും കേടുപാടുണ്ടായി. 2018ലെ പ്രളയത്തിലും വീട്ടിൽ വെള്ളം കയറിയിരുന്നു. അടുത്തിടെയാണ് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് കഴുക്കോലും ഓടുകളും മാറ്റി അറ്റകുറ്റപ്പണി നടത്തിയത്. ചിന്നക്കടയിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന സെയ്ദലിയുടെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
വീടുപയോഗിക്കാൻ കഴിയാത്ത സാഹചര്യമായതോടെ കുടുംബം വാടകവീട് അന്വേഷിക്കുകയാണ്. വിവരമറിഞ്ഞ് വില്ലേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലം കോർപ്പറേഷൻ മേയർ എ.കെ. ഹഫീസും സ്ഥലം സന്ദർശിച്ച് ആവശ്യമായ സഹായം ഉറപ്പുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |