SignIn
Kerala Kaumudi Online
Sunday, 09 August 2026 3.51 AM IST

റെയിൽവേ നിരീക്ഷണ ഡ്രോൺ കൂറ്റൻ മഹാഗണിയിൽ കുരുങ്ങി

കൊല്ലം: ട്രാക്ക് നിരീക്ഷണത്തിന് എത്തിച്ച റെയിൽവേയുടെ ഡ്രോൺ കൊല്ലം എസ്.എൻ കോളേജ് വളപ്പിലുള്ള കൂറ്റൻ മഹാഗണി മരത്തിൽ കുടുങ്ങി. കടപ്പാക്കട ഫയർഫോഴ്സ് സംഘമെത്തി താഴെ വലവിരിച്ച ശേഷം തോട്ടി ഉപയോഗിച്ച് കുത്തിയിട്ട് കേടുകൂടാതെ താഴെയെത്തിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. റെയിൽവേ ട്രാക്കിൽ കല്ലും തടിയും വയ്ക്കൽ, ട്രെയിനിന് നേരെയുള്ള കല്ലേറ് എന്നിവയ്ക്കുള്ള ശ്രമങ്ങൾ നിരീക്ഷിച്ച് കണ്ടെത്താനായി കൊണ്ടുവന്ന ഡ്രോണാണ് മരത്തിൽ കുടുങ്ങിയത്. രണ്ട് ഡ്രോണുകളാണ് റെയിൽവേ കരാർ നൽകിയ ഏജൻസി എത്തിച്ചത്. ആദ്യ ഡ്രോൺ പുനലൂർ പാതയിൽ പറത്തി ആർ.പി.എഫ് സംഘം നിരീക്ഷിച്ചു. രണ്ടാമത്തെ ഡ്രോൺ തിരുവനന്തപുരം പാതയിൽ രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ച് മടങ്ങിവരുന്നതിനിടയിലാണ് മരത്തിൽ കുടുങ്ങിയത്. യാത്രയ്ക്കിടയിൽ പക്ഷി തട്ടി നിയന്ത്രണം നഷ്ടമായതാണ് മരത്തിൽ കുടുങ്ങാൻ കാരണമെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

നൂറടി ഉയരമുള്ള മരത്തിന്റെ ഏഴുപത് അടിയോളം ഉയരത്തിലുള്ള ചില്ലയിലാണ് ഡ്രോൺ കുരുങ്ങിയിരുന്നത്. സേന സംഭവസ്ഥലത്തെത്തുമ്പോൾ ശക്തമായ മഴയായിരുന്നു. മരത്തിന് താഴെയായി കെ.എസ്.ഇ.ബി ഹൈ ടെൻഷൻ ലൈൻ ഓഫ് ചെയ്യിച്ചും ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജിതിൻ, ഷഹീർ എന്നിവർ ഏണി ഉപയോഗിച്ച് കുറച്ച് ഭാഗം വരെയെത്തി ശേഷം തോട്ടി ഉപയോഗിച്ച് താഴെ വിരിച്ച വലയിലേക്ക് കുത്തിയിടുകയുമായിരുന്നു. 2.70 കിലോഗ്രാം ഭാരമുള്ള ഡ്രോൺ ഏകദേശം 6 ലക്ഷം രൂപ വിലവരുന്നതാണ്.

ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ഡബ്ല്യു.പ്രസാദ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ അഭിലാഷ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സുരേഷ് കുമാർ, സരുൺ, കണ്ണൻ, അഖിഷ വിവേക്, ഡ്രൈവർ അനീഷ് ശങ്കർ, ഹോം ഹാർഡ് കാർത്തിക് എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL