SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.00 AM IST

ടാർ മിക്സ് കിട്ടിയാൽ: 48 മണിക്കൂറിനകം കല്ലുംതാഴം തുറക്കും

കൊല്ലം: നവീകരണം പൂർത്തിയായ പഴയ ആർ.ഒ.ബിയും അതിലേക്കുള്ള ഇരുവശത്തെയും അപ്രോച്ച് റോഡും ടാർ ചെയ്യാനുള്ള ടാർ മിക്സ് ലഭിച്ചാൽ 48 മണിക്കൂറിനകം ദേശീയപാത 66ൽ കല്ലുംതാഴം വഴി വാഹനങ്ങൾ കടത്തിവിടും. നിർമ്മാണ കമ്പനി ടാർ മിക്സ് ലഭ്യമാക്കാൻ കരാർ ഉറപ്പിച്ചിട്ടുള്ള കൊട്ടിയത്തെ പ്ലാന്റിന്റെ പ്രവർത്തനം തടസപ്പെട്ടിരിക്കുന്നതാണ് ടാറിംഗ് വൈകാൻ കാരണം.

നിർമ്മാണ കമ്പനിയുടെ ഇത്തിക്കരയിലെ സ്വന്തം പ്ലാന്റിൽ നിന്നാണ് കാവനാട്- കടമ്പാട്ടുകോണം റീച്ചിലെ ആറുവരി പാത നിർമ്മാണത്തിനുള്ള ടാർ മിക്സ് എത്തിച്ചിരുന്നത്. ഇത്തിക്കരയിലെ നിർമ്മാണം പൂർത്തിയാക്കാൻ കമ്പനി പ്ലാന്റ് പൊളിച്ചതോടെയാണ് കൊട്ടിയത്തുള്ള സ്വകാര്യ പ്ലാന്റുമായി കരാർ ഉണ്ടാക്കിയത്. അതിന് പിന്നാലെയാണ് കൊട്ടിയത്തെ പ്ലാന്റിനെതിരെ മലിനീകരണ പ്രശ്നം ഉയർത്തി പ്രദേശവാസികൾ പ്രതിഷേധം ആരംഭിച്ചത്. ചൂട് നഷ്ടമാകുന്നതിന് മുമ്പേ ടാർ മിക്സ് എത്തിക്കാവുന്ന മറ്റ് പ്ലാന്റുകൾ സമീപത്തില്ല. അതുകൊണ്ട് കൊട്ടിയത്തെ പ്ലാന്റിലാണ് നിർമ്മാണ കമ്പനിയുടെ പ്രതീക്ഷ. പ്ലാന്റിനെതിരെ പ്രദേശവാസികൾ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി വാദത്തിനായി പരിഗണിക്കുന്നുണ്ട്.

നവീകരിച്ച് മൂന്നുവരി ആർ.ഒ.ബിയും റോഡ് അപ്രോച്ചും സഹിതം 800 മീറ്റർ നീളത്തിലാണ് ടാറിംഗ് നടത്തേണ്ടത്. 400 മീറ്ററോളം നീളത്തിൽ ക്രാഷ് ബാരിയർ ക്രോൺക്രീറ്റ് ചെയ്യാനുണ്ട്. ടാറിംഗ് പൂർത്തിയായാൽ മണിക്കൂറുകൾക്കുള്ളിൽ ക്രാഷ് ബാരിയർ നിർമ്മാണം പൂർത്തിയാകും. നിലവിൽ ഉറപ്പിച്ചിരിക്കുന്ന മെറ്റിൽ അടക്കം ഇളകിപ്പോകാൻ സാദ്ധ്യതയുള്ളതിനാൽ ടാറിംഗ് നടത്താതെ വാഹനം കടത്തിവിടാൻ എൻ.എച്ച്.എ.ഐ നിർമ്മാണ കമ്പനിക്ക് അനുമതി നൽകുന്നില്ല.

തുറന്നില്ലേൽ ഓണത്തിന്

നഗരം കുരുങ്ങും

ദേശീയപാത 66ൽ കല്ലുംതാഴം തുറന്നുനൽകിയില്ലെങ്കിൽ പഴയദേശീയപാതയിൽ മേവറം മുതൽ കാവനാട് വരെ ഓണനാളുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. കല്ലുംതാഴം തുറന്നാൽ നഗരത്തിൽ പ്രവേശിക്കേണ്ടാത്ത വാഹനങ്ങൾ അതുവഴി കടന്നുപോകും. കല്ലുംതാഴം തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഇന്ന് സമരം സംഘടിപ്പിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL