SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.00 AM IST

മോഷണ മുതൽ വീണ്ടെടുക്കലിന്റെ പേരിൽ ജൂവലറികളിൽ പൊലീസിന്റെ കൊള്ളയടി

കൊല്ലം: മോഷണ മുതൽ വീണ്ടെടുക്കാനെന്ന പേരിൽ ജൂവലറികളിൽ പൊലീസുകാർ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതായി പരാതി. മോഷ്ടാവിന്റെ കുറ്റസമ്മതമെന്ന പേരിലാണ് ജൂവലറികളിലെത്തി യാതൊരു സ്ഥിരീകരണവും നടത്താതെ കണ്ണിൽ കാണുന്ന ആഭരണങ്ങൾ തട്ടിയെടുക്കുന്നത്. ഇങ്ങനെയെടുക്കുന്ന ആഭരണങ്ങൾ പൂർണമായും കോടതിയിൽ ഹാജരാക്കാതെ പൊലീസുകാർ അടിച്ചുമാറ്റുന്നതായും പരാതിയുണ്ട്.

സ്ഥിരം മോഷ്ടാക്കൾ മോഷണ മുതൽ വിറ്റ സ്ഥലം മറച്ചുവച്ച് മറ്റേതെങ്കിലും സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് പതിവ്. പരാതിക്കാർ യഥാർത്ഥത്തിലുള്ളതിനേക്കാൾ കൂടുതൽ അഭരണങ്ങൾ നഷ്ടമായെന്ന് മൊഴിനൽകാറുമുണ്ട്. ഈ രണ്ട് തെറ്റായ വിവരങ്ങളും അടിസ്ഥാനമാക്കി ജൂവലറികളിലെത്തി പൊലീസ് നടത്തുന്ന റിക്കവറി നാടകം ജൂവലറി ഉടമകളെ തകർക്കുകയാണ്. ഒരു മോഷ്ടാവിനെ കൈയിൽ കിട്ടിയാൽ സ്റ്റേഷൻ പരിധിയിൽ തെളിയാതെ കിടക്കുന്ന മറ്റ് മോഷണങ്ങളും തലയിൽ കെട്ടിവച്ച് ഏതെങ്കിലും ജൂവലറികളിൽ നിന്ന് ആഭരണങ്ങൾ തട്ടിയെടുത്ത് തൊണ്ടിയാക്കുന്ന രീതിയുമുണ്ട്.

ജീവനക്കാരെയും ഉടമയെയും ബന്ദിയാക്കിവച്ചാണ് പലപ്പോഴും റിക്കവറി നടത്തുന്നത്. വീണ്ടും ദ്രോഹിക്കുമെന്ന് ഭയന്നാണ് ജൂവലറി ഉടമകൾ നിയമ നടപടികൾ ഒഴിവാക്കുന്നത്. തൊണ്ടി മുതൽ വീണ്ടെടുക്കുമ്പോൾ പാലിക്കേണ്ട നടപടികൾ പാലിക്കാതെ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢലക്ഷ്യത്തോടെ നടത്തുന്ന റിക്കവറി നടപടികൾ കാരണം പല മോഷണക്കേസുകളിലും പ്രതികൾ രക്ഷപെടും. അപ്പോഴും നഷ്ടം സംഭവിക്കുന്നത് ജൂവലറി ഉടമകൾക്കാണ്.

റിക്കവറി നാടകം നടത്തുമ്പോൾ പരാതിക്കാരന്റെയോ പ്രതിയുടെയോ മൊഴിയുടെ പകർപ്പുകൾ സ്വർണ വ്യാപാരിക്ക് പൊലീസ് നൽകാറില്ല. ഇങ്ങനെ സ്വർണ വ്യാപാരത്തിലൂടെ ജൂവലറി ഉടമകൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗം പൊലീസ് തട്ടിയെടുക്കുകയാണ്.

സ്വർണം വീണ്ടെടുക്കൽ സുതാര്യമാക്കണം

മോഷണ സ്വർണം വീണ്ടെടുക്കൽ നിയമനടപടികൾ പാലിച്ച് സുതാര്യമാക്കണമെന്ന് കേരള ഗോൾഡ്ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസർ, വർക്കിംഗ് ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ് എന്നിവർ ആവശ്യപ്പെട്ടു.

മോഷണം പോയ സ്വർണത്തിന്റെ അളവും മൂല്യവും സംബന്ധിച്ച പരാതിക്കാരന്റെ മൊഴി പരിശോധിക്കുന്നതിനൊപ്പം, അതിന്റെ ആധികാരികത ഉറപ്പാക്കാൻ ആഭരണങ്ങളുടെ തൂക്കം രേഖപ്പെടുത്തിയ ബില്ലുകൾ, ഫോട്ടോകൾ, മറ്റ് രേഖകൾ എന്നിവ പൊലീസ് നിർബന്ധമായും ശേഖരിക്കണം. പൊലീസിന്റെ റിക്കവറിക്കെതിരെ ഉയർന്നിട്ടുള്ള പരാതികളിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL