കൊല്ലം: പൂക്കളങ്ങൾക്കും മാവേലിക്കുമപ്പുറം ക്യാമ്പസുകളിൽ ഓണം ഒരു 'ഫാഷൻ ഷോ' മൂഡിലായിരിക്കുകയാണ്. കസവ് സാരികളുടെയും മുണ്ടുകളുടെയും ഗൃഹാതുരത്വമുള്ള ക്ലാസിക് ലുക്കിൽ നിന്ന് പുതുതലമുറ ഇന്ന് വലിയൊരു ചുവടുമാറ്റത്തിലെത്തി. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കുട്ടികൾക്കിടയിൽ നടക്കുന്ന ഈ ട്രെൻഡ് മാറ്റം വിപണിയിലും തരംഗമായി.
പണ്ടൊക്കെ ഓണമെത്തിയാൽ കോളേജുകളിൽ ഒരേയൊരു വേഷമേ ഉണ്ടായിരുന്നുള്ളൂ; പെൺകുട്ടികൾക്ക് കസവ് സാരിയും ബ്ളൗസും, ആൺകുട്ടികൾക്ക് കസവ് മുണ്ടും ചേരുന്ന ഷർട്ടും. എന്നാൽ ഇന്നത് ചരിത്രം. പ്രകൃതിയുടെ ഇളംവർണങ്ങളും വലിയ റോസാപ്പൂക്കളും മല്ലികപ്പൂക്കളും ഓണ സദ്യയിലെ വിഭവങ്ങളും തുടങ്ങി ഓണവുമായി ബന്ധപ്പെട്ടവ പ്രിന്റ് ചെയ്ത 'പ്രിന്റഡ്' സാരികളാണ് ഇന്ന് ക്യാമ്പസുകളിലെ പുതിയ ട്രെൻഡ്. വെളുത്ത പശ്ചാത്തലത്തിൽ കളർഫുൾ പ്രിന്റുകൾ വന്നതോടെ പെൺകുട്ടികളുടെ ശൈലി മാറി. ആൺകുട്ടികളാകട്ടെ, പരമ്പരാഗത മുണ്ടുകൾക്ക് പുറമെ കളർഫുൾ കുർത്തകളും എഥനിക് ജാക്കറ്റുകളും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് എത്തിയത്.
ബ്ലൗസ് ഡിസൈനിലും പരീക്ഷണങ്ങൾ
സാരിയിലെ മാറ്റത്തിനൊപ്പം തന്നെ ക്യാമ്പസ് പെൺകുട്ടികൾക്കിടയിൽ വലിയ തരംഗമായിരിക്കുന്നത് ട്രെൻഡി ബ്ലൗസ് ഡിസൈനുകളാണ്. ലളിതമായ കട്ട് വർക്കുകൾ, ബോട്ട് നെക്ക്, പഫ് സ്ലീവ്, ബാക്ക് ലെസ് ഡിസൈനുകൾ, അതിനൊപ്പം സ്ലീവിൽ നൽകുന്ന ഡിസൈനർ വർക്കുകൾ എന്നിവയെല്ലാം ഇന്നത്തെ ഫാഷൻ ലിസ്റ്റിൽ മുന്നിലുണ്ട്. പ്രിന്റഡ് സാരികൾക്ക് മാച്ച് ചെയ്യുന്ന രീതിയിൽ വ്യത്യസ്ത ഫാബ്രിക്കുകളിലും പാറ്റേണുകളിലും തുന്നിയെടുത്ത ഇത്തരം ബ്ലൗസുകൾ ഓണലുക്കിന് കൂടുതൽ മോടി കൂട്ടുന്നു.
മത്സരച്ചൂടിൽ ക്യാമ്പസുകൾ
ഏറ്റവും മികച്ച ഔട്ട്‌ഫിറ്റ് ആരുടേത്?- ഈ ചോദ്യത്തിന് പിന്നാലെയാണ് കോളേജുകളിലെ വിദ്യാർത്ഥികൾ. ക്ലാസുകൾ തമ്മിലും സുഹൃദ് സംഘങ്ങൾ തമ്മിലും ഏറ്റവും സ്റ്റൈലിഷായി ഓണം ആഘോഷിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. റീലുകളിലും ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും ട്രെൻഡിംഗ് ഗാനങ്ങൾക്കൊപ്പം വൈറലാകാൻ ഈ ഫാഷൻ ഒരുക്കങ്ങൾ കൂടിയേതീരൂ. വസ്ത്രത്തിനൊപ്പം ഓക്സിഡൈസ്ഡ് ആഭരണങ്ങളും ട്രെൻഡി ചെരുപ്പുകളും ഹെയർ സ്റ്റൈലുകളും കൂടിച്ചേരുമ്പോൾ ഓരോ ക്യാമ്പസും ഒരു ഫാഷൻ വീക്കിന് വേദിയാവുകയാണ്.
ഓണച്ചെലവ് (ഒരു കണക്കെടുപ്പ്)
വസ്ത്രങ്ങൾ (പ്രിന്റഡ് സാരികൾ, കുർത്തകൾ): 1,000 മുതൽ 3,000 രൂപ വരെ
ആഭരണങ്ങൾ (ഓക്സിഡൈസ്ഡ് നെക്ലേസ്, കമ്മലുകൾ): 400 മുതൽ 800 രൂപ വരെ
ചെരുപ്പുകളും മറ്റ് ആക്സസറികളും: 500 മുതൽ 1,000 രൂപ വരെ
ഗ്രൂമിംഗ്, മേക്ക്-അപ്പ്, ഹെയർ സ്റ്റൈൽ: 300 മുതൽ 600 രൂപ വരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |