SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.28 PM IST

അനധികൃത നിർമ്മാണം: കർശന പരിശോധനയെന്ന് മേയർ

തിരുവനന്തപുരം: അനധികൃത നിർമ്മാണത്തിനെതിരെ ഓണാവധിയിലും കർശന പരിശോധന നടത്തുമെന്ന് മേയർ വി.വി.രാജേഷ്. ഓണാവധിയോടനുബന്ധിച്ച് നാലോ അഞ്ചോ ദിവസം നഗരത്തിൽ അനധികൃത നിർമ്മാണം വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ പൊതുമരാമത്ത് എൻജിനിയർമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അനധികൃത നിർമ്മാണം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യഘട്ടത്തിൽ തന്നെ സ്റ്റോപ്പ് മെമ്മോ നൽകുമെന്നും ഒരു സെന്റിമീറ്റർ പോലും നിയമവിരുദ്ധ നിർമ്മാണം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം പുളിമൂട്,ഗാന്ധാരിയമ്മൻ കോവിൽ,മുട്ടട,കുറവൻകോണം തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തി അനധികൃതമായി കടകളും കെട്ടിടങ്ങളും നിർമ്മിച്ചവർക്കെതിരെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണം തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം നഗരസഭ തുടർനടപടികൾ സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി. അനധികൃത നിർമ്മാണങ്ങൾക്ക് ഇടനിലക്കാരുടെ സഹായം ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ചിലരെ ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തട്ടുകടകളിൽ പരിശോധന ശക്തമാക്കും

ചില തട്ടുകടകളിൽ ഭക്ഷണത്തിന് അമിത തുക ഈടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കും. ഉപജീവനത്തിനായി തട്ടുകട നടത്തുന്നവർക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്ന് മേയർ പറഞ്ഞു. വെൻഡിംഗ് സോണും നോൺ വെൻഡിംഗ് സോണും കാറ്റഗറി ചെയ്യുകയാണ്. സെക്രട്ടേറിയറ്റിന് സമീപമുള്ള വെജിറ്റേറിയൻ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായുള്ള പരാതികളിലും നടപടി സ്വീകരിക്കും. ഓണക്കച്ചവടത്തിന്റെ ഭാഗമായി വ്യാപാരികൾ റോഡിലേക്കും നടപ്പാതകളിലേക്കും കച്ചവടം വ്യാപിപ്പിച്ച് ഗതാഗത തടസം സൃഷ്ടിക്കരുതെന്നും മേയർ നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL