കോഴിക്കോട്: കോഴിക്കോട്ടെ വിവിധ പത്രങ്ങളിലെ ഫോട്ടോ ജേർണലിസ്റ്റുകളുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് ഫോറം സംഘടിപ്പിച്ച 'ബിയോണ്ട് വേർഡ്സ് ' വാർത്താ ചിത്ര പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. കാഴ്ചകളുടെ ലോകത്തേക്ക് വേറിട്ടൊരു അനുഭവവുമായാണ് പ്രദർശനത്തിന്റെ ഉദ്ഘാടനവും നടന്നത്.
ലോക ഫോട്ടോഗ്രാഫി ദിനമായ ഇന്നലെ രാവിലെ 11.30 ന് ഗ്രേറ്റ് ബോംബെ സർക്കസിലെ കലാകാരൻമാരായ തുളസിദാസ് ചൗധരി, പപ്പു താക്കൂർ, അജയ് നായിക് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പൊതു ഇടത്തിൽ നിന്ന് തഴയപ്പെടുന്നവരാണ് തങ്ങളെന്നും ജീവിതത്തിൽ ആദ്യമായാണ് ഒരു ഉദ്ഘാടനം നടത്തുന്നതെന്നും മുതിർന്ന സർക്കസ് കലാകാരനായ തുളസീദാസ് ചൗധരി പറഞ്ഞു. ഗ്രോ വാസു മുഖ്യാതിഥിയായി. കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ എം.ടി. വിധുരാജ്, ജോയിൻ്റ് സെക്രട്ടറി കെ. രാഗേഷ്, ട്രഷറർ രമേശ് കോട്ടൂളി, പ്രസ്ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ്, കമാൽ വരദൂർ, എം. ഫിറോസ്ഖാൻ, ജയന്ത്കുമാർ, അഡ്വ. എം.രാജൻ തുടങ്ങിയവർ പങ്കെടുത്തു. മുണ്ടക്കൈ ദുരന്തം, ഫുട്ബോൾ, ജെല്ലിക്കെട്ട് തുടങ്ങിയ വിഷയങ്ങളിൽ മുപ്പതോളം ഫോട്ടോ ജേർണലിസ്റ്റുകളുടെ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പ്രദർശനം 23 ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |