
കോട്ടയം : പോസ്റ്ററുകളിൽ പോലും എ.ഐയുടെ സഹായം. ചുവരുകളിൽ കാൻഡിഡ് ഫോട്ടോകൾ. സോഷ്യൽ മീഡിയ വഴി സെക്കൻഡുകൾ കൊണ്ട് പായുന്ന റീൽസ് തരംഗം. സ്ഥാനാർത്ഥികൾ ന്യൂജെൻ അല്ലെങ്കിലും പ്രചാരണം അടിമുടി ന്യൂജെൻ ആണ്. 'കാൻഡിഡ് സ്റ്റൈലും റീൽസും ന്യൂജെൻ പിള്ളേർക്ക് വീക്ക്‌നെസ് ആയതോടെയാണ് സ്ഥാനാർത്ഥികളും ആ വഴിയ്ക്ക് പോയത്. പാസ്‌പോർട്ട് സൈസ് ഫേട്ടോ പോലുള്ളതിന് പകരം ചിരിച്ചുകൊണ്ടുള്ള ആംഗിളുകൾ വേണം. കൈവീശി നടന്നുവരുന്നത് പോലെ തോന്നണം, കൈകൂപ്പിയുള്ള നിൽപ്പുകണ്ടാൽ ആരും വോട്ട് ചെയ്യണം. നാട്ടുകാർക്കിടയിൽ നിന്ന് സംസാരിക്കുമ്പോഴും പ്രായമായവരെ കെട്ടിപ്പിടിക്കുമ്പോഴും തട്ടുകടയിൽ കയറി ചായകുടിക്കുമ്പോഴുമെല്ലാം കൂടെ നടന്ന് പകർത്തണം. നഗരത്തിലേക്കും ഗ്രാമത്തിലേക്കുമായി വെവ്വേറെ പോസ്റ്ററുകൾ വേണം. നഗരത്തിൽ അല്പം 'റിച്ചും' ഗ്രാമത്തിൽ 'ദാരിദ്രയവും' ഫീൽ ചെയ്യണമത്രേ! സ്ഥാനാർത്ഥിയുടെ മാസ് എൻട്രി കാണിക്കാൻ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കോടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യും വിധം സൈസ് കുറച്ച് റെഡിയാക്കണം. അതിനായി ഹെലിക്യാമും ഉപയോഗിക്കാം. സംഗതി കളറാകണം !
ഫോട്ടോഗ്രാഫർമാർക്കും രാശി
നോമ്പുകാലമായതിനാൽ കല്യാണങ്ങളില്ല. ഒഫ് സീസണിൽ കാര്യമായ കല്യാണ വർക്കില്ലാതെ നട്ടംതിരിയുന്നതിനിടെ ഇലക്ഷൻ വന്നത് ഫോട്ടോഗ്രാഫർമാർക്കും ഗുണമായി. പാർട്ടി പ്രവർത്തകരായ ഫോട്ടോഗ്രാഫർമാരുണ്ടെങ്കിലും പ്രൊഫഷണലുകൾക്കാണ് ഡിമാൻഡ്. ഫോട്ടോയും വീഡിയോയുമെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനാണ് ക്വട്ടേഷനെടുക്കുന്നത്. സജ്ജീകരണം കൂടുമ്പോൾ അത് ലക്ഷത്തിലേക്കെത്തും. സ്ഥാനാർത്ഥികളെല്ലാം വോട്ട് പിടിത്തത്തിനൊപ്പം ഫോട്ടോ പിടിത്തത്തിന്റെയും തിരക്കിലാണ്. ദിവസവും നാലായിരം രൂപ വരെ വാങ്ങുന്ന ഫോട്ടോ ഗ്രാഫർമാരുണ്ട്. ഇതിന് പുറമേ കാറും ഭക്ഷണവും.
പ്രൊഫഷണൽ പി.ആർ ടീം
ഒന്നര വർഷത്തിലേറെയായി പാർട്ടികൾക്കായി പി.ആർ ടീം പണിയെടുക്കുന്നു. രഹസ്യ സർവേ മുതൽ സ്ഥാനാർത്ഥിയുടെ വിജയ സാദ്ധ്യതവരെ പ്രവചിച്ചു കഴിഞ്ഞു. പ്രചാരണത്തിലും മൂന്ന് സ്ഥാനാർത്ഥികൾക്കുമൊപ്പം പി.ആർ.ടീമുണ്ട്. ഫോട്ടോകളും വീഡിയോകളും ഒപ്പാൻ മൂന്നിലേറെ ക്യാമറാ ടീം. ഉടനടി ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയകളിൽ നിറയും. ഇവ സ്റ്റാറ്റസ് ഇട്ടും പേജുകളിൽ നിറച്ചും ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്തും പ്രവർത്തകരും കൂടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |