കോട്ടയം: കേന്ദ്രമന്ത്രിമാർ തുടർച്ചയായി നിയമസഭയിലേക്കു മത്സരിക്കുന്ന കേരളത്തിലെ ഏക വി.ഐ.പി മണ്ഡലമായി കാഞ്ഞിരപ്പള്ളി. 2021ൽ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന അൽഫോൻസ് കണ്ണന്താനം എൻ.ഡിഎ സ്ഥാനാർത്ഥിയായെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനാണ്. എതിരാളികളിലൊരാൾ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജും. 2021ൽ അൽഫോൻസ് കണ്ണന്താനം 29,157 വോട്ടുകൾ നേടി.
2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് 30,013 വോട്ട് ലഭിച്ചതോടെ ബി.ജെപി എ ക്ലാസ് മണ്ഡലമായി കാഞ്ഞിരപ്പള്ളിയെ പരിഗണിച്ചു തുടങ്ങിയത്. ന്യൂനപക്ഷ വിരുദ്ധ പാർട്ടിയെന്ന കുറ്റപ്പെടുത്തൽ തള്ളി കാഞ്ഞിരപ്പള്ളിക്കു പുറമേ സമീപ മണ്ഡലങ്ങളായ പൂഞ്ഞാറിലും പാലായിലും ക്രൈസ്തവ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു എതിരാളികളുടെ വായടപ്പിച്ചു ബി.ജെ.പി.
അതേസമയം കോട്ടയം ജില്ലയിൽ രണ്ട് എം.പിമാരാണ് നിയമസഭയിലേക്കു മത്സരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനും പാലായിൽ ജോസ് കെ. മാണിയും.
പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും
സംസ്ഥാനത്തെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും കോട്ടയത്താണ്. എൻ.ഡി.എയ്ക്കായി 25കാരി ആതിര ഡി. നായരാണ് മന്ത്രി വി.എൻ. വാസവനെതിരെ ഏറ്റുമാനൂരിൽ മത്സരിക്കുന്നത്. ഇവിടെ എൻ.ഡി.എ ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയും നടിയുമായ വീണാ നായർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാതെ വന്നതോടെയാണ് ആതിരയ്ക്ക് നറുക്ക് വീണത്. അതേസമയം പി.സി. ജോർജും മകൻ ഷോൺജോർജും അടുത്തടുത്ത മണ്ഡലങ്ങളായ പൂഞ്ഞാറിലും പാലായിലും എൻ.ഡി.എ സ്ഥാനാർത്ഥികളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |