
പാലാ : നഗരസഭയിലെ പുതിയ ചെയർപേഴ്‌സണെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 ന് മുനിസിപ്പൽ കൗൺസിൽ ഹാളിൽ നടക്കും. ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ഇടതുമുന്നണിയുടെയും വിമത കോൺഗ്രസ് കൗൺസിലർമാരുടെയും പിന്തുണയുള്ള സ്വതന്ത്ര അംഗം മായാ രാഹുലും, യു.ഡി.എഫ് സ്ഥാനാർത്ഥിയായി റിയ ചീരാംകുഴിയും തമ്മിലാണ് മത്സരം. എട്ടാം വാർഡ് കൗൺസിലറാണ് റിയ. 19ാം വാർഡിനെയാണ് മായ രാഹുൽ പ്രതിനിധീകരിക്കുന്നത്. ഇരുപക്ഷവും തങ്ങളുടെ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസാനഘട്ട നീക്കങ്ങളിലാണ്. നിലവിൽ മായാ രാഹുലിന് 15 പേരുടെ പിന്തുണയാണുള്ളത്. നേരത്തെ 16 പേരുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും കോൺഗ്രസ് വിമത കൗൺസിലറായ ലിസിക്കുട്ടി നിലപാട് മാറ്റിയതോടെ ഇത് കുറഞ്ഞു. റിയ ചീരാംകുഴിക്ക് 9 കൗൺസിലർമാരുടെ പിന്തുണ ഉണ്ടെന്നാണ് സൂചന. ലിസിക്കുട്ടി മാത്യുവും റിയയെ പിന്തുണച്ചേക്കും.
യു.ഡി.എഫ് ഒറ്റക്കെട്ടായി മത്സരിക്കും നാട്ടകം സുരേഷ്
യു.ഡി.എഫ്. ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. റിയ ചീരാംകുഴിയാണ് സ്ഥാനാർത്ഥിയെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് ജോർജ്ജ് എം.പി., ഫിൽസൺ മാത്യൂസ്, അഡ്വ. ബിജു പുന്നത്താനം തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. യു.ഡി.എഫിന്റെ 9 കൗൺസിലർമാരും ഹാജരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |