
കോട്ടയം : കോട്ടയം പബ്ലിക്ക് ലൈബ്രറിയെ അരനൂറ്റാണ്ടുകാലം പ്രസിഡന്റെന്ന നിലയിൽ വികസന പാതയിലേക്ക് നയിച്ച് മികവിന്റെ കേന്ദ്രമാക്കി മാറ്റിയാണ് എബ്രഹാം ഇട്ടിച്ചെറിയയുടെ മടക്കം. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയെന്നതാണ് ആ ജീവിതനേട്ടം. കോട്ടയത്തിന്റെ സാംസ്കാരിക ലോകത്ത് സ്വന്തമായൊരു ഇടംതീർത്ത് പൊതു പ്രവർത്തനത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കാനുള്ള ഒരുക്കത്തിനിടയിൽ തൊണ്ണൂറിന്റെ പടവുകളിലേക്ക് അടുത്തുകൊണ്ടിരുന്ന വേളയിലാണ് ആ ധന്യജീവിതം പൊലിഞ്ഞത് .കോട്ടയത്തെ അക്ഷരനഗരമാക്കുന്നതിൽ മഹത്തായ സംഭാവനകൾ നൽകിയ പൂർവസൂരികളായ ടി.രാമറാവുവിനും, ബെഞ്ചമിൻബെയ്‌ലിക്കും, ഡി.സി കിഴക്കേമുറിക്കും ശേഷം എടുത്തു പറയാവുന്നത് എബ്രഹാം ഇട്ടിച്ചെറിയയുടെ സംഭാവന മാത്രമാണ്.
കോടികളുടെ വികസനവും ആസ്തിയുമാണ് അരനൂറ്റാണ്ടു കാലം പബ്ലിക് ലൈബ്രറി പ്രസിഡന്റെന്ന നിലയിലെ സംഭാവന. ശാസ്ത്രി റോഡിലെ മൂന്നുനില ലൈബ്രറി മന്ദിരവികസനം, കെ.പി.എസ് മേനോൻ ഹാൾ ഉൾപ്പെടെ ശീതീകരിച്ച നാല് ഓഡിറ്റോറിയങ്ങൾ, ഓപ്പൺ എയർ തിയറ്റർ, കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറി, ആനത്താനത്തെയും കാഞ്ഞിരത്തിലെയും റീഡിംഗ്റൂമുകൾ, തിരുനക്കരയിൽ മുതിർന്നവർക്കായി റോഡ് നിരപ്പിലുള്ള റീഡിംഗ് റൂം, പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനെ രണ്ടുവർഷം ലൈബ്രറിയിൽ താമസിപ്പിച്ച് പൂർത്തിയാക്കിച്ച 36 അടി ഉയരമുള്ള അക്ഷര ശില്പം, ആർട്ടിസ്റ്റ് സുജാതനും മകനും ലൈബ്രറി പ്രവേശന കവാടത്തിൽ തീർത്ത ചുമർ ചിത്രങ്ങൾ, വൈദ്യുതി പുറത്തു വിൽക്കാൻ കഴിയുന്ന സോളാർ പദ്ധതി, പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള കുട്ടികളുടെ ലൈബ്രറി, പാർക്ക് വികസനം തുടങ്ങി ഒരു പുരുഷായുസിൽ ഒരു വ്യക്തിക്കു ചെയ്ത് തീർക്കാൻ കഴിയാത്തത്ര വികസന പ്രവർത്തനങ്ങളാണ് പബ്ലിക് ലൈബ്രറിയിലും കുട്ടികളുടെ ലൈബ്രറിയിലുമായി നടത്തിയത്.
തൊട്ടതെല്ലാം പൊന്നാക്കി
കോട്ടയത്തെ സമ്പൂർണ സാക്ഷരതാ നഗരമാക്കിയതിന്റെ മുന്നണിപ്പോരാളി, ദീർഘകാലം കോട്ടയം വൈ.എം.സി.എ പ്രസിഡന്റ് (ഇക്കാലയളവിലാണ് എട്ടുനില മന്ദിരം നിർമ്മിക്കുന്നത്) രാമവർമ്മ യൂണിയൻ ക്ലബ് പ്രസിഡന്റ്, കോട്ടയം ആർട്സ് സൊസൈറ്റി പ്രസിഡന്റ് തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി. മറ്റുള്ളവരിലേക്ക് പോസിറ്റീവ് എൻർജി പ്രവഹിപ്പിക്കുന്ന ഊർജ്വസ്വലമായ പ്രകൃതം, തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ നിശ്ചയദാർഢ്യം, നിലപാടുകളിലെ കാർക്കശ്യം എന്നിവയായിരുന്നു ഇട്ടിച്ചെറിയയുടെ പ്രത്യേകത. രണ്ടരലക്ഷം പുസ്തകവും മാസം ഒമ്പതു ലക്ഷം രൂപ വാടക വരുമാനവുമായി സർക്കാർഗ്രാന്റ് വേണ്ടെന്ന് പറഞ്ഞ് സ്വന്തംകാലിൽ നിലയുറപ്പിച്ച കോട്ടയം പബ്ലിക് ലൈബ്രറിയെ സംസ്ഥാന ലൈബ്രറി കൗൺസിലിന് കീഴിലാക്കാനുള്ള ശ്രമത്തിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടം എന്നും ഓർമ്മിക്കപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |