SignIn
Kerala Kaumudi Online
Friday, 26 June 2026 4.20 AM IST

കാനിൽ ഇന്ധനം കിട്ടുന്നില്ല; വലഞ്ഞ് കർഷകർ

cannn-
കാനിൽ ഇന്ധനം കിട്ടുന്നില്ല; വലഞ്ഞ് കർഷകർ

  • കാർഷിക യന്ത്രങ്ങൾ പലതും കട്ടപ്പുറത്ത്

കോഴിക്കോട്: സുരക്ഷയെ മുൻനിറുത്തി പെട്രോൾ ബങ്കുകൾ കാനിൽ ഇന്ധനം നൽകുന്നതിൽ കേന്ദ്ര സർക്കാർ നിയന്ത്രണം കൊണ്ടുവന്നതോടെ കാർഷിക യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനാവാതെ കർഷകർ. ജെ.സി.ബി ഉപയോഗിച്ചുള്ള നിർമ്മാണ മേഖലയിലും സമാന സ്ഥിതിയാണ്. ജൂൺ 11നാണ് കേന്ദ്ര സർക്കാർ റീട്ടെയിൽ ഔട്ട്ലറ്റ് വഴിയുള്ള (പെട്രാൾ ബങ്കുകൾ) ഇന്ധന വിതരണത്തിൽ നിയന്ത്രണം കൊണ്ടുവന്നത്. ഉത്തരവനുസരിച്ച് വാഹനങ്ങളുടെ ഇന്ധന ടാങ്കിലോ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള പെട്രോളിയം ആൻഡ് എക്സ്പ്ളോസീവ് സേഫ്ടി ഓർഗനെെസേഷൻ (പെസോ) അംഗീകരിച്ച കണ്ടെയ്‌നറുകളിലോ മാത്രമേ നൽകാവൂ. അനധികൃത ഇന്ധന സംഭരണവും വഴിതിരിച്ചുവിടലും തടയുകയെന്നതാണ് ലക്ഷ്യം. പ്ളാസ്റ്റിക് കുപ്പികളിൽ പെട്രോളും ഡീസലും നൽകുന്നത് നേരത്തേ നിയന്ത്രിച്ചിരുന്നു. ഇന്ധനം തീർന്നോ വാഹനങ്ങൾ കേടായോ കുപ്പിയുമായി ബങ്കിലെത്തിയാലും ചിലയിടങ്ങളിൽ കിട്ടാനിടയില്ല. സുരക്ഷിതമായ പെസോ കാനുകൾക്ക് വില കൂടുതലാണ്. ഗ്രാമീണ മേഖലയിലെ കടകളിൽ കിട്ടാനും പ്രയാസം. മലയോരങ്ങളിലാണ് കേരളത്തിലെ ഭൂരിഭാഗം കൃഷിയിടങ്ങളുമുള്ളത്. ചിലയിടങ്ങളിൽ വാഹനങ്ങൾക്ക് എത്താനാവില്ല. ദിവസേന ഉപയോഗിക്കുന്ന പവർ ടില്ലർ, മോട്ടോർ പമ്പ്, ചെറുകിട കാർഷിക യന്ത്രങ്ങൾ, നിർമ്മാണ മേഖലയിലെ എർത്ത് മൂവർ, കോൺക്രീറ്റ് മിക്‌സർ തുടങ്ങിയവ പെട്രോൾ ബങ്കിലെത്തിച്ച് ഇന്ധനം നിറയ്ക്കുന്നത് പ്രായോഗികമല്ല. ഇവിടങ്ങളിൽ കാനുകളിൽ ഇന്ധനമെത്തിക്കുന്നതാണ് ഏക മാർഗം. അതേസമയം ചില ബങ്കുകൾ പരിചയക്കാർക്ക് സാധാരണ കാനുകളിൽ ഇന്ധനം നൽകുന്നതായി ആക്ഷേപമുണ്ട്.

സുരക്ഷിത കാനുകൾ

സാധാരണ കന്നാസിൽ പെട്രോളോ ഡീസലോ കൊണ്ടുപോകരുതെന്നാണ് നിയമം. സുരക്ഷ മാനദണ്ഡമനുസരിച്ച് നിർമ്മിച്ചവയാണ് പെസോ കാനുകൾ. ലീക്കുണ്ടാകില്ല. ഹെെ ഡെൻസിറ്റി പോളിത്തീനിലും സ്റ്റീലിലും നിർമ്മിച്ചവയ്ക്ക് നല്ല ബലവുമുണ്ട്. അഞ്ച് ലിറ്റർ മുതലുള്ളവയ്ക്ക് 1,900 മുതൽ 3,500 രൂപ വരെ വിലയുണ്ട്. 50 ലിറ്ററിൽ കൂടുതൽ കൊണ്ടുപോകാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL